21/04/2026
[fontresizer_tawhidurrahmandear_widget]

‘പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം’; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി 700ലധികം ആക്ടിവിസ്റ്റുകൾ

 ‘പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം’; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി 700ലധികം ആക്ടിവിസ്റ്റുകൾ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പെരുമാറ്റട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി 700ലധികം ആക്ടിവിസ്റ്റുകൾ. പ്രസംഗം നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് വ്യക്തമാക്കി മുൻ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ എന്നിവർ ഒപ്പിട്ട കത്താണ് കമ്മീഷന് സമർപ്പിച്ചത്. വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള മനഃപൂർവമായ ശ്രമമാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന വ്യക്തി സർക്കാർ സംവിധാനങ്ങളും ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക മാധ്യമങ്ങളും സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു എന്നത് ഗൗരവകരമായ കാര്യമാണ്.

പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഭരണകക്ഷിക്ക് സർക്കാർ പദവികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ അനുവാദമില്ലെന്നിരിക്കെ, പ്രധാനമന്ത്രിയുടെ ഈ നീക്കം ജനാധിപത്യപരമായ തുല്യനീതിക്ക് വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ലഭിച്ച അതേ പ്രാധാന്യത്തോടെയും സമയദൈർഘ്യത്തോടെയും പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ നിലപാടുകൾ വ്യക്തമാക്കാൻ ദേശീയ മാധ്യമങ്ങളിൽ അവസരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഭരണകൂടം ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ ഇടപെടണമെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നുമാണ് ഈ പ്രമുഖരുടെ കൂട്ടായ ആവശ്യം. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്നത് വഴി വോട്ടർമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചുവെന്നും ഇത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വനിതാ സംവരണ ബില്ലിന്റെ പരാജയത്തിന് പിന്നിൽ പ്രതിപക്ഷ പാർട്ടികളാണെന്ന് പേരെടുത്തു പറഞ്ഞ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത് വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്നും, ഔദ്യോഗിക പദവി ഇതിനായി ദുരുപയോഗം ചെയ്തുവെന്നും പരാതിക്കാർ ആരോപിക്കുന്നു. എന്നാൽ, ഇത്രയധികം പരാതികൾ ലഭിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന വിമർശനവും നിലവിലുണ്ട്. ഭരണകക്ഷിയുടെ ലംഘനങ്ങൾക്കെതിരെ കമ്മീഷൻ കണ്ണടയ്ക്കുന്നുവെന്ന ആരോപണവും ഇതിനോടകം ശക്തമായിക്കഴിഞ്ഞു. സർക്കാർ സംവിധാനങ്ങളും ദേശീയ മാധ്യമങ്ങളും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യപരമായ തുല്യനീതിയുടെ ലംഘനമാണെന്നും, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നുമാണ് ഉയരുന്ന പ്രധാന ആവശ്യം. കമ്മീഷന്റെ ഭാഗത്തുനിന്നും നീതിപൂർവമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പരാതിക്കാരുടെ തീരുമാനം.

Also read: