21/04/2026
[fontresizer_tawhidurrahmandear_widget]

യൂറോപ്പിൽ ഒറ്റപ്പെട്ട് ഇസ്രയേൽ; വ്യാപാര കരാർ സമ്മർദവുമായി കൂടുതൽ രാജ്യങ്ങൾ

 യൂറോപ്പിൽ ഒറ്റപ്പെട്ട് ഇസ്രയേൽ; വ്യാപാര കരാർ സമ്മർദവുമായി കൂടുതൽ രാജ്യങ്ങൾ

ബ്രസൽസ്: ഗസ്സയിലും ലബനാനിലും ഇറാനിലും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്പിൽ ഒറ്റപ്പെട്ട് ഇസ്രയേൽ. ഇസ്രയേലുമായുള്ള ‘അസോസിയേഷൻ കരാർ’ മരവിപ്പിക്കണമെന്ന ആവശ്യവുമായി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. നേരത്തെ തന്നെ ആവശ്യം ശക്തമാക്കിയ സ്‌പെയിനിനു പുറമെ അയർലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണു പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ലക്‌സംബർഗിൽ നടന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ രാജ്യങ്ങൾ ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്.

എന്താണ് അസോസിയേഷൻ കരാർ?
2000ൽ നിലവിൽ വന്ന അസോസിയേഷൻ കരാർ പ്രകാരം ഇസ്രയേലി ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ വലിയ രീതിയിലുള്ള നികുതി ഇളവുകളും വാണിജ്യ മുൻഗണനകളും ലഭിക്കുന്നുണ്ട്. എന്നാൽ, കരാറിന്റെ രണ്ടാം അനുച്ഛേദം അനുസരിച്ച്, ഇരുപക്ഷവും മനുഷ്യാവകാശങ്ങളും ജനാധിപത്യ തത്വങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്. ഇസ്രയേൽ ഈ വ്യവസ്ഥ ലംഘിച്ചുവെന്നാണ് സ്‌പെയിനും സഖ്യരാജ്യങ്ങളും വാദിക്കുന്നത്.

സ്‌പെയിനിന്റെ നിലപാട്
നമ്മുടെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഒരു രാജ്യത്തിന് ഇയുവിന്റെ പങ്കാളിയായി തുടരാൻ അർഹതയില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോടും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇയുവിൽ പ്രതിസന്ധി
സ്‌പെയിനിന്റെ നിർണായക നീക്കത്തിന് ഇയുവിൽ പൂർണ പിന്തുണ ലഭിക്കുമോ എന്നു വ്യക്തമല്ല. നേരത്തെ, ഇത്തരം നീക്കങ്ങൾ ജർമനി, ഹംഗറി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി എതിർത്തിരുന്നു. എന്നാൽ, ഭരണം മാറിയ ഹംഗറി നിലപാട് മാറ്റാനിടയുണ്ടെങ്കിലും മറ്റു രണ്ടു രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനെ ശക്തമായി എതിർക്കാനിടയുണ്ട്.

യൂറോപ്യൻ യൂനിയന്റെ വിദേശനയ തീരുമാനങ്ങൾക്ക് എല്ലാ അംഗരാജ്യങ്ങളുടെയും (27 രാജ്യങ്ങൾ) ഐകകണ്ഠ്യമായ പിന്തുണ ആവശ്യമാണ്. പ്രമുഖ രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുന്നതിനാൽ കരാർ മരവിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടേക്കാമെന്ന് ‘യൂറോ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.

എങ്കിലും, യൂറോപ്പിലെ പ്രധാന ശക്തികൾക്കിടയിൽ ഇസ്രയേലിനോടുള്ള സമീപനത്തിൽ വന്ന മാറ്റം അന്താരാഷ്ട്ര തലത്തിൽ ഇസ്രയേലിന് വലിയ നയതന്ത്ര സമ്മർദമാണ് സൃഷ്ടിക്കുന്നത്.

Also read: