17/04/2026
[fontresizer_tawhidurrahmandear_widget]

ഒടുവിൽ ഇസ്രയേലിനെ കൈവിട്ട് ഉറ്റമിത്രം ഇറ്റലിയും; പ്രതിരോധ കരാറുകൾ റദ്ദാക്കി, ഇനി പുതുക്കില്ല

 ഒടുവിൽ ഇസ്രയേലിനെ കൈവിട്ട് ഉറ്റമിത്രം ഇറ്റലിയും; പ്രതിരോധ കരാറുകൾ റദ്ദാക്കി, ഇനി പുതുക്കില്ല

റോം: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന് തിരിച്ചടിയായി ഇറ്റലിയുടെ നയതന്ത്ര നീക്കം. ഇസ്രയേൽ പ്രതിരോധ സേനയുമായി ദീർഘകാലമായി നിലനിന്നിരുന്ന എല്ലാ പ്രതിരോധ സഹകരണ കരാറുകളും ഇറ്റലി താൽക്കാലികമായി നിർത്തിവെച്ചു. ഇസ്ലാമാബാദിലെ അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെടുകയും ഇറാന്റെ തുറമുഖങ്ങളിൽ യുഎസ് ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത നടപടികൾക്കിടെയാണ് ഇസ്രയേലിന്റെ വിശ്വസ്ത സുഹൃദ് രാജ്യമായ ഇറ്റലിയുടെ അപ്രതീക്ഷിത നീക്കം.

ഇസ്രയേലുമായുള്ള എല്ലാ പ്രതിരോധ സഹകരണ കരാറുകളും റദ്ദാക്കുന്നതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും പുതുക്കാറുള്ള ഈ കരാർ, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഇനി തുടരേണ്ടതില്ലെന്നാണ് മെലോണി ഭരണകൂടത്തിന്റെ തീരുമാനം. കരാർ ഇനി പുതുക്കേണ്ടതില്ലെന്നും തീരുമാനമുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചരിത്രപരമായി ദൃഢമായ ബന്ധം പുലർത്തിയിരുന്ന റോമും തെൽ അവീവും തമ്മിലുള്ള ബന്ധം ഇതോടെ പൂർണമായും വഷളായിരിക്കുകയാണ്.

ലബനാനിലെ ഇറ്റാലിയൻ യുഎൻ സമാധാന സേനയ്ക്ക് നേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തതാണ് ബന്ധം ഇത്രയധികം വഷളാകാൻ പ്രധാന കാരണമായത്. ആക്രമണത്തെത്തുടർന്ന് ഇറ്റലി ഇസ്രയേൽ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, ലബനാനിലെ സാധാരണക്കാർക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പ്രസ്താവിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇസ്രയേലും ഇറ്റാലിയൻ അംബാസഡറെ വിളിച്ചുവരുത്തിയിരുന്നു.

സിപ്രി റിപ്പോർട്ടുകൾ പ്രകാരം ഇസ്രയേലിന് ആയുധങ്ങൾ നൽകുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് ഇറ്റലി. ഇസ്രയേലിന്റെ ആയുധ ഇറക്കുമതിയുടെ 1.3 ശതമാനവും ഇറ്റലിയിൽനിന്നാണ്. ഈ കരാർ റദ്ദാക്കുന്നതോടെ ആയുധ വിതരണവും സംയുക്ത സൈനിക പരിശീലനങ്ങളും നിലയ്ക്കും. ഇത് ഇസ്രയേലിന്റെ ആയുധ സംഭരണശൃംഖലയിൽ വലിയ ആഘാതം സൃഷ്ടിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു.

ലിയോ പതിനാലാമൻ മാർപാപ്പയെ അധിക്ഷേപിച്ച ഡൊണാൾഡ് ട്രംപിന്റെ നടപടിയെ മെലോണി രൂക്ഷമായി വിമർശിച്ചതും അന്താരാഷ്ട്രതലത്തിൽ വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേലിനോടും ഇറ്റലി കടുപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ വരുന്നത്. ട്രംപിന്റെ വാക്കുകൾ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മെലോണി, മാർപാപ്പയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് മറുപടിയായി ട്രംപ് മെലോണിയെ പരിഹസിക്കുകയാണു ചെയ്തത്. മെലോണിക്ക് ധൈര്യമുണ്ടെന്നായിരുന്നു താൻ കരുതിയത്, പക്ഷേ എനിക്ക് തെറ്റി. ഇറാൻ ആണവായുധമുണ്ടാക്കി ഇറ്റലിയെ തകർക്കാൻ നോക്കിയാലും അവർക്ക് പരാതിയുണ്ടാകില്ലെന്നായിരുന്നു ട്രംപിന്റെ വിമർശനം.

തീവ്ര വലതുപക്ഷ നേതാവായ മെലോണിയുടെ നിലപാടുമാറ്റം അന്താരാഷ്ട്രതലത്തിൽ തന്നെ ആശ്ചര്യമുളവാക്കിയിട്ടുണ്ട്. നിലപാടുമാറ്റത്തിനു പിന്നിൽ പ്രധാനമായും ഇറ്റലിയിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യമാണു കാരണമെന്നാണു വിലയിരുത്തൽ. ഇസ്രയേലിന്റെ ഗസ്സ ആക്രമണം മുതൽ തന്നെ ഇറ്റലിയിൽ വൻ തോതിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇസ്രയേലുമായി എല്ലാ ബന്ധവും വിച്ഛേദിക്കണമെന്ന് മുറവിളികൾ ഉയർന്നെങ്കിലും മെലോണി ഭരണകൂടം അതിനു കൂട്ടാക്കിയിരുന്നില്ല. എന്നാൽ, ഇറാൻ യുദ്ധം കൂടി ആയതോടെ ഇറ്റലിയിൽ സാഹചര്യം കൈവിട്ടുപോയിരിക്കുകയാണ്. യുദ്ധത്തിലും ഇസ്രയേലിനും അമേരിക്കയ്ക്കും ഇറ്റലി നൽകുന്ന പിന്തുണയിലും പ്രതിഷേധിച്ച് ലക്ഷക്കണക്കിന് ജനങ്ങളാണു തെരുവിലിറങ്ങുകയും പണിമുടക്കുകയും ചെയ്തത്.

മാർച്ചിൽ ജുഡീഷ്യൽ ഭരണഘടനാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജനഹിത പരിശോധനയിൽ മെലോണിയുടെ പക്ഷത്തിന് തിരിച്ചടി നേരിട്ടിരുന്നു. ഇത് ഇസ്രയേൽ-അമേരിക്കൻ അനുകൂല നയത്തോടുള്ള ജനങ്ങളുടെ വിയോജിപ്പായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 18 മാസത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ട്രംപുമായും നെതന്യാഹുവുമായുമുള്ള ബന്ധം തന്റെ ജനപ്രീതിയെ ബാധിക്കുമെന്ന് മെലോണി ഭയപ്പെടുന്നുണ്ട്. ഇതാനു നിലപാടുമാറ്റത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ട്രംപിന്റെ ആക്രമണത്തിന് പിന്നാലെ മെലോണിയെ പിന്തുണച്ച് ഇറ്റാലിയൻ മന്ത്രിമാർ രംഗത്തെത്തിയിട്ടുണ്ട്. സഖ്യകക്ഷികളാവുക എന്നതിനർത്ഥം എല്ലാം മിണ്ടാതെ അനുസരിക്കുക എന്നല്ല, ശരിയെന്ന് വിശ്വസിക്കുന്നത് തുറന്നുപറയുക എന്നതാണെന്നാണ് പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പ്രതികരിച്ചത്. 63 ശതമാനം ഇറ്റലിക്കാരും അമേരിക്കയെ എതിർക്കുന്ന സാഹചര്യത്തിൽ, ഇസ്രയേലിൽനിന്നും ട്രംപിൽനിന്നും അകലം പാലിക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തനിക്ക് ഗുണകരമാകുമെന്നാണ് മെലോണിയുടെ കണക്കുകൂട്ടൽ. അന്താരാഷ്ട്ര നിയമങ്ങൾക്ക് പുറത്തുള്ള യുദ്ധമായാണ് മെലോണി ഇപ്പോൾ പശ്ചിമേഷ്യൻ സംഘർഷത്തെ വിശേഷിപ്പിക്കുന്നത്.

Also read: