22/04/2026
[fontresizer_tawhidurrahmandear_widget]

വയനാടിന്റെ ആദിവാസി ചരിത്രം ഓക്‌സ്ഫഡിലേക്ക്; ഗവേഷണത്തിന് 1.8 കോടിയുടെ സ്‌കോളർഷിപ്പ്

 വയനാടിന്റെ ആദിവാസി ചരിത്രം ഓക്‌സ്ഫഡിലേക്ക്; ഗവേഷണത്തിന് 1.8 കോടിയുടെ സ്‌കോളർഷിപ്പ്

കാർത്തു അനിൽചന്ദ്രൻ ഗീതാമ്പിളി

ലോകപ്രശസ്തമായ ഓക്സ്ഫഡ് സർവകലാശാലയിൽ 1.8 കോടി രൂപയുടെ സ്കോളർഷിപ്പോടെ ഗവേഷണ പഠനത്തിന് അവസരം നേടി മലയാളി വിദ്യാർത്ഥിനി കാർത്തു അനിൽചന്ദ്രൻ ഗീതാമ്പിളി. സർവകലാശാലയിലെ ഏറ്റവും ഉയർന്ന സ്കോളർഷിപ്പുകളിൽ ഒന്നായ ‘ക്ലാരൻഡൻ സ്കോളർഷിപ്പ്’ (Clarendon Scholarship) നേടിയാണ് കാർത്തുവിന്റെ ഈ നേട്ടം. നരവംശശാസ്ത്രത്തിൽ (Anthropology) കാർത്തു നടത്തുന്ന ഗവേഷണ പഠനത്തിൽ വയനാട്ടിലെ ഗോത്രജീവിതവും ഉൾപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്.

വയനാട്ടിലെ ഗോത്രജനതയുടെ സംസ്കാരം, ചരിത്രം, ജീവിതരീതികൾ തുടങ്ങിയവയെല്ലാം ഒക്ടോബറിൽ ആരംഭിക്കുന്ന ഈ മൂന്ന് വർഷത്തെ ഗവേഷണത്തിന്റെ ഭാഗമാകും. പ്രവാസിയായ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അനിൽചന്ദ്രന്റെയും ഗീതാമ്പിളിയുടെയും മകളായ കാർത്തുവിന്റെ സ്കൂൾ പഠനം ദുബായിലായിരുന്നു. തുടർന്ന് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) നിന്ന് സോഷ്യോളജിയിൽ ബിരുദവും, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്ന് നരവംശശാസ്ത്രത്തിൽ മാസ്റ്റേഴ്സും പൂർത്തിയാക്കി. ഇതിനുശേഷമാണ് ഓക്സ്ഫഡിൽ ഗവേഷണത്തിനായി വഴി തെളിഞ്ഞത്.

ലോകത്തെവിടെയുമുള്ള മികച്ച വിദ്യാർത്ഥികൾക്ക് ഓക്സ്ഫഡിൽ പഠിക്കാൻ നൽകുന്നതാണ് ക്ലാരൻഡൻ സ്കോളർഷിപ്പ്. സർവകലാശാലയിലെ എല്ലാ വകുപ്പുകളിലുമായി ഒരു വർഷം ഏകദേശം 200 പേർക്ക് മാത്രമാണ് ഈ സ്കോളർഷിപ്പ് ലഭിക്കുന്നത്. വിദ്യാർത്ഥിയുടെ അക്കാദമിക് മികവ്, ഗവേഷണ വിഷയത്തിന്റെ സാധ്യതകൾ, ഭാവിയിലെ നേതൃപാടവം എന്നിവയെല്ലാം പരിഗണിച്ചാണ് ക്ലാരൻഡൻ കമ്മിറ്റി സ്കോളർഷിപ്പ് അനുവദിക്കുന്നത്. തന്റെ ഗവേഷണ വിഷയത്തിലുള്ള പ്രത്യേക താൽപ്പര്യവും അധ്യാപകരുടെ മികച്ച ശുപാർശകളും കാർത്തുവിന് ഈ നേട്ടത്തിലേക്ക് എത്താൻ കരുത്തായി.

Also read: