‘കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണം; കഞ്ചാവടിച്ച് ആരും നശിച്ച ചരിത്രമില്ല’: ബിജു പ്രഭാകർ
തിരുവനന്തപുരം: സംസ്ഥാന സർവീസിൽ നിന്ന് വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ നടത്തിയ വെളിപ്പെടുത്തലുകൾ കേരളത്തിൽ വലിയ ചർച്ചയാകുന്നു. കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്നും പൊതുമരാമത്ത്, സാമൂഹികനീതി വകുപ്പുകളിൽ വൻ അഴിമതികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
രാസലഹരികളുടെ വ്യാപനം തടയാൻ കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് ബിജു പ്രഭാകറിൻ്റെ നിലപാട്. ‘റെസ്പോൺസിബിൾ ഡ്രിങ്കിങ്ങ്’ പോലെ ഉത്തരവാദിത്തപരമായ കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണം. കഞ്ചാവ് ഉപയോഗിച്ച് ആരും നശിച്ച ചരിത്രമില്ലെന്നും, കള്ള്, വൈൻ, ബിയർ എന്നിവ വ്യാപകമാക്കുന്നത് രാസലഹരികളിലേക്കുള്ള വഴി തടയാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. 230 കോടിയുടെ റോഡ് നിർമാണ കരാറിൽ, പാറമട വ്യവസ്ഥകളിൽ മാറ്റം വരുത്തി ഒരു കമ്പനിക്ക് 65 കോടി രൂപ ലാഭമുണ്ടാക്കി നൽകി. ഈ ഫയൽ പരിശോധിച്ചതിന് പിന്നാലെ 91-ാം ദിവസം തന്നെ സ്ഥാനത്തുനിന്ന് മാറ്റിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ചെറിയ തുകകളുടെ ധൂർത്ത് വാർത്തയാകുമ്പോൾ ഇത്തരം വൻ അഴിമതികൾ മുങ്ങിപ്പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമൂഹികനീതി വകുപ്പിൽ അവിഹിത ഗർഭങ്ങൾ മറച്ചുവെച്ച് കുട്ടികളെ അനധികൃതമായി കൈമാറുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപ്പൻഡിസൈറ്റിസ് എന്ന് വ്യാജേന ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുട്ടികളെ രഹസ്യമായി ദത്ത് നൽകുന്നു. ദത്തെടുക്കാൻ എത്തുന്നവരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ക്രൂരമായ നടപടികൾ വകുപ്പിൽ നടക്കുന്നുണ്ടെന്നും ബിജു പ്രഭാകർ ആരോപിച്ചു.