കടിച്ച പാമ്പിനെയുമായി ആശുപത്രിയിലെത്തി; കുപ്പിയിലാക്കിയത് വിഷമില്ലാത്ത നീര്‍ക്കോലിയെ
മലപ്പുറം: സംസ്ഥാനത്ത് പാമ്പുകടി ഭീതി വർധിക്കുന്നതിനിടെ മലപ്പുറത്ത് കൗതുകകരമായ ഒരു സംഭവം. തന്നെ കടിച്ച പാമ്പിനെ പിടികൂടി കുപ്പിയിലാക്കി ആശുപത്രിയിലെത്തിയ ആനപ്പടി സ്വദേശി നാസിമിന് ഒടുവിൽ ലഭിച്ചത് വലിയ ആശ്വാസം. കടിച്ച പാമ്പ് വിഷമില്ലാത്ത നീർക്കോലിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് നാസിമിനും കുടുംബത്തിനും ആശ്വാസമായത്.
കഴിഞ്ഞദിവസം വൈകിട്ടോടെയാണ് നാസിമിന്റെ ഇടതുകാലിലെ വിരലുകൾക്കിടയിൽ പാമ്പ് കടിച്ചത്. പരിഭ്രാന്തനാകാതെ ധൈര്യം സംഭരിച്ച നാസിം പാമ്പിനെ പിടികൂടി കുപ്പിയിലാക്കി നേരെ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. പരിശോധനയിൽ കടിച്ചത് വിഷപ്പാമ്പല്ലെന്ന് വ്യക്തമായതോടെ പ്രാഥമിക ചികിത്സ നൽകി ഇദ്ദേഹത്തെ വീട്ടിലേക്ക് അയച്ചു.
വേനൽച്ചൂട് കടുത്തതോടെ ഇഴജന്തുക്കൾ പുറത്തിറങ്ങുന്നത് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 108 ആംബുലൻസ് വഴി ആശുപത്രിയിലെത്തിയത് 54 പാമ്പുകടി കേസുകളാണ്. കഴിഞ്ഞ ദിവസം മാത്രം നാലുവയസ്സുകാരൻ ഉൾപ്പെടെ 16 പേർക്ക് പാമ്പുകടിയേറ്റു. വീടും പരിസരവും വൃത്തിയാക്കുമ്പോഴും മറ്റും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.