02/05/2026
[fontresizer_tawhidurrahmandear_widget]

ഇറാനിന്‍റെ സമാധാന നിർദേശങ്ങളിൽ അതൃപ്തി; യുദ്ധം ഉടൻ അവസാനിപ്പിക്കില്ലെന്ന ഭീഷണിയുമായി ട്രംപ്

 ഇറാനിന്‍റെ സമാധാന നിർദേശങ്ങളിൽ അതൃപ്തി; യുദ്ധം ഉടൻ അവസാനിപ്പിക്കില്ലെന്ന ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കില്ലെന്ന ഭീഷണിയാണ് ട്രംപ് ഉയർത്തിയിരിക്കുന്നത്. തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നതെന്നും, ഇറാൻ സൈന്യത്തെ അമേരിക്ക നശിപ്പിച്ചു കഴിഞ്ഞുവെന്നും വെള്ളിയാഴ്ച അദ്ദേഹം അവകാശപ്പെട്ടു. ഇറാനുമായി കരാറിൽ എത്തിയില്ലെങ്കിൽ അത് അമേരിക്കയ്ക്ക് കൂടുതൽ ഗുണകരമാകുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാൻ വിഷയത്തിൽ തന്റെ മുന്നിലുള്ള ഏക മാർഗം “പോയി ബോംബിട്ട് അവരെ തകർത്ത് എന്നെന്നേക്കുമായി അവസാനിപ്പിക്കുക” എന്നത് മാത്രമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അതോ നമ്മൾ ഒരു കരാർ ഉണ്ടാക്കാൻ ശ്രമിക്കണോ?” എന്നും അദ്ദേഹം ചോദിച്ചു.

സത്യം പറഞ്ഞാൽ ഒരു കരാറിൽ ഏർപ്പെടാതിരിക്കുന്നതാണ് നമുക്ക് നല്ലതെന്നും, കാരണം ഇത് ഇങ്ങനെ തുടരാൻ കഴിയില്ലെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. പാകിസ്താൻ മുഖേന ഇറാൻ കൈമാറിയ സമാധാന നിർദ്ദേശങ്ങളാണ് അമേരിക്ക തള്ളിക്കളഞ്ഞത്. ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടെ നിലവിലെ നിർദ്ദേശങ്ങളിൽ താൻ തൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞു. ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും നേതാക്കൾ തമ്മിലുള്ള ഭിന്നതയെക്കുറിച്ചുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോൾ നൽകിയ നിർദ്ദേശം സ്വീകാര്യമല്ലാത്തതിനാൽ മാറ്റങ്ങൾ വരുത്തി പുതിയത് കൈമാറട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവ നിരായുധീകരണത്തിന് ഇറാൻ തയ്യാറാവണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ ഇത് പിന്നീട് ചർച്ച ചെയ്യാമെന്ന നിലപാടിലാണ് ഇറാൻ. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം രണ്ടുമാസം പിന്നിടുമ്പോഴും സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലാണ്. അതേസമയം, ഇറാനുമായുള്ള ശത്രുത അവസാനിച്ചതിനാൽ യുദ്ധത്തിന് കോൺഗ്രസിന്റെ അനുമതി തേടേണ്ടതില്ലെന്ന് വ്യക്തമാക്കി ട്രംപ് കത്ത് നൽകുകയും ചെയ്തു.

Also read: