‘ക്യാമറ ഉണ്ടെന്ന് അറിഞ്ഞില്ല’, കോണ്‍ഗ്രസില്‍ വിപ്ലവം വരാന്‍ ചെയ്തത്’, കെ.സിക്ക് ഫ്ലെക്സ് വച്ച സിപിഎം പ്രവര്‍ത്തകൻ്റെ സന്ദേശം പുറത്ത്
തൃശൂർ: തൃശൂരിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിച്ചു കൊണ്ടുള്ള ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത് പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടാക്കാനാണെന്ന് സമ്മതിച്ച് സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദ്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ ബോർഡ് സ്ഥാപിച്ചത് താനാണെന്ന് മുഹമ്മദ് പറയുന്ന വാട്‌സാപ്പ് സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. സ്ഥലത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തെറ്റായ ധാരണയിലാണ് ബോർഡ് സ്ഥാപിച്ചതെന്നും പുതിയ ക്യാമറകൾ വെച്ചത് ശ്രദ്ധിച്ചില്ലെന്നും ഇയാൾ സന്ദേശത്തിൽ പറയുന്നു.
‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് കഴിഞ്ഞ രാത്രിയാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ബോർഡ് സ്ഥാപിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായതോടെ യുഡിഎഫ് മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. കോൺഗ്രസിനെതിരെ സിപിഎം നടത്തുന്ന ഗൂഢാലോചനയാണിതെന്ന് ആരോപിച്ച യുഡിഎഫ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധ പ്രകടനവും നടത്തി.