ഹജ്ജ്: പുണ്യസ്ഥലങ്ങളിൽ എൽപിജി സിലിണ്ടറുകൾക്ക് പൂർണ നിരോധനം; ലംഘിച്ചാൽ കർശന നടപടി
ജിദ്ദ: ഹജ്ജ് തീർഥാടകരുടെ സുരക്ഷ മുൻനിർത്തി മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളിൽ എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് സിവിൽ ഡിഫൻസ് പൂർണ നിരോധനം ഏർപ്പെടുത്തി. തീർഥാടകരുടെ താൽക്കാലിക താമസകേന്ദ്രങ്ങൾ, വിവിധ സർക്കാർ ഓഫീസുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ക്യാമ്പുകളിലും നിരോധനം ബാധകമാണ്. ദുൽഹിജ്ജ ഒന്നായ ഇന്ന് രാവിലെ മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
തീപിടുത്തം ഉൾപ്പെടെയുള്ള അപകടസാധ്യതകൾ ഒഴിവാക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. നിരോധനം ലംഘിച്ച് കൊണ്ടുവരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്ത് കണ്ടുകെട്ടുമെന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പുണ്യസ്ഥലങ്ങളിൽ ഗ്യാസ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തിൽ കർശന പരിശോധനയും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.