ഗ്യാസ് സിലിണ്ടറിൽ പകുതിയോളം വെള്ളം; നെടുമ്പാശേരിയിൽ ഉപഭോക്താവ് വഞ്ചിക്കപ്പെട്ടതായി പരാതി
നെടുമ്പാശ്ശേരി: പാചകവാതക സിലിണ്ടറിനുള്ളിൽ പകുതിയോളം വെള്ളം മാത്രം നിറച്ചു നൽകി ഉപഭോക്താവിനെ വഞ്ചിച്ചതായി പരാതി. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ കപ്പശ്ശേരിയിൽ താമസിക്കുന്ന മാളിയേക്കൽ അനിലിന്റെ വീട്ടിൽ എത്തിച്ച സിലിണ്ടറിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. അത്താണിയിലുള്ള സ്വകാര്യ ഗ്യാസ് ഏജൻസിയിൽ നിന്നാണ് അനിൽ സിലിണ്ടർ വാങ്ങിയത്.
കഴിഞ്ഞ 18 ദിവസമായി അനിൽ ഈ സിലിണ്ടറാണ് വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പാചകം ചെയ്യാൻ സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോൾ തീ കത്തിയില്ല. തുടർന്ന് സിലിണ്ടർ മാറ്റി പരിശോധിച്ചപ്പോഴാണ് വീട്ടുകാർ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. സാധാരണയായി 45 ദിവസത്തോളം ലഭിക്കേണ്ട സ്ഥാനത്ത് 19-ാം ദിവസം തന്നെ ഗ്യാസ് നിലയ്ക്കുകയായിരുന്നു. സ്റ്റൗ കത്താതായതോടെ സിലിണ്ടർ ഇളക്കി പരിശോധിച്ച അനിലിന് ഉള്ളിൽ വെള്ളം കുലുങ്ങുന്ന ശബ്ദം കേട്ട് സംശയം തോന്നി. റെഗുലേറ്റർ ഊരി മാറ്റി സിലിണ്ടർ ചരിച്ചു കുത്തിയതോടെ ഗ്യാസിന് പകരം വെള്ളമാണ് പുറത്തേക്ക് വന്നത്.
തങ്ങൾക്ക് സംഭവിച്ച ഭീമമായ നഷ്ടവും വഞ്ചനയും ബോധ്യപ്പെടുത്താൻ ഗ്യാസ് ഏജൻസിയുമായി നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യാതൊരുവിധ പ്രതികരണവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു. സിലിണ്ടർ വിതരണം ചെയ്ത ആളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വന്നു നോക്കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് ആരും എത്തിയില്ല. നിലവിൽ ചികിത്സയിൽ കഴിയുന്നതിനാൽ അനിലിന് സിലിണ്ടറുമായി പുറത്തുപോകാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല.
മുമ്പും സാധാരണ ലഭിക്കുന്നതിനേക്കാൾ മുൻപേ ഗ്യാസ് തീരാറുണ്ടായിരുന്നെങ്കിലും കൂടുതൽ ഉപയോഗിച്ചതുകൊണ്ടാകാം എന്നാണ് കരുതിയിരുന്നത്. സിലിണ്ടറുകളിൽ കൃത്യമായ അളവിൽ പാചകവാതകം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഏജൻസികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം വീഴ്ചകൾ സാധാരണക്കാരായ ഉപഭോക്താക്കളെ കടുത്ത ദുരിതത്തിലാക്കുകയാണ്. ഇനി മറ്റാർക്കും ഇങ്ങനെ ഒരു ചീറ്റിങ് ഉണ്ടാകരുതെന്നും, ഗ്യാസ് സിലിണ്ടർ വാങ്ങുമ്പോൾ ഭാരപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ എല്ലാവരും ഉറപ്പുവരുത്തണമെന്നും അനിൽ പറയുന്നു. സംഭവത്തിൽ ഏജൻസിക്കെതിരെ അഡ്വക്കേറ്റ് വഴി നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.