‘ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പറഞ്ഞാൽ താഴെയിറങ്ങാം’ ; മലപ്പുറത്ത് വീടിനുമുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
മലപ്പുറം: ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്നും തമിഴ്നാട് മുഖ്യമന്ത്രി വിജയ് പറഞ്ഞാലേ താഴെയിറങ്ങൂ എന്നും ആരോപിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി പള്ളിക്കൽ അങ്കപ്പറമ്പിൽ സ്വന്തം വീടിന് മുകളിൽ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി കയറിയാണ് ബിടെക് ബിരുദധാരിയായ യുവാവ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇയാളെ താഴെയിറക്കിയത്.
ഗ്യാസ് തുറന്നുവിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ്, കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. തന്റെ ആരാധനാപാത്രമായ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് നേരിട്ട് ആവശ്യപ്പെട്ടാൽ മാത്രമേ പിന്മാറൂ എന്നായിരുന്നു ഇയാളുടെ ആദ്യ നിലപാട്. തേഞ്ഞിപ്പലം പൊലീസും മീഞ്ചന്ത ഫയർഫോഴ്സും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഒടുവിൽ അയൽവാസികളായ മധ്യസ്ഥരുമായി നടത്തിയ ചർച്ചയിലാണ് യുവാവ് യഥാർത്ഥ പ്രശ്നം വ്യക്തമാക്കിയത്. വീട്ടിൽ നിന്നും മാറിത്താമസിക്കുന്ന പിതാവിൽ നിന്ന് തനിക്ക് വലിയൊരു തുക ലഭിക്കാനുണ്ടെന്നും, അത് കിട്ടിയാൽ പിന്മാറാമെന്നും ഇയാൾ അറിയിച്ചു. പിതാവിന്റെ കൈവശം പണമില്ലാത്തതിനെ തുടർന്ന് മധ്യസ്ഥനായ അയൽവാസി തന്നെ ഈ തുക നൽകാമെന്ന് ഏറ്റു. പണം ലഭിക്കുമെന്ന് ഉറപ്പായതോടെ യുവാവ് ആത്മഹത്യാശ്രമം ഉപേക്ഷിക്കാൻ തയ്യാറായി. താഴെയിറക്കിയ അവിവാഹിതനായ യുവാവിനെ അടിയന്തര ചികിത്സകൾക്കായി അമ്മാവനൊപ്പം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.