07/09/2026
[fontresizer_tawhidurrahmandear_widget]

റോസ്ഗാർ മേളയിൽ 51,000 നിയമന ഉത്തരവുകൾ കൈമാറി പ്രധാനമന്ത്രി

 റോസ്ഗാർ മേളയിൽ 51,000 നിയമന ഉത്തരവുകൾ കൈമാറി പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ റോസ്ഗാർ മേളയിലൂടെ അമ്പതിനായിരത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച വീഡിയോ കോൺഫറൻസിങ് വഴി നടന്ന പത്തൊൻപതാമത് റോസ്ഗാർ മേളയിലാണ് അമ്പത്തിയൊന്നായിരത്തിലധികം ഉദ്യോഗാർത്ഥികൾക്ക് അദ്ദേഹം നിയമന കത്തുകൾ വിതരണം ചെയ്തത്.

രാജ്യം ഈ യുവാക്കളിൽ വലിയ രീതിയിൽ വിശ്വസിക്കുന്നുണ്ടെന്നും, 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനുള്ള യാത്രയിൽ പുതുതായി നിയമനം ലഭിച്ച സർക്കാർ ജീവനക്കാർ ഉത്തരവാദിത്തമുള്ള പങ്കാളികളായി മാറുമെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. റെയിൽവേ, ബാങ്കിങ്, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഇവർക്ക് നിയമനം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള പ്രതിബദ്ധതയാണ് റോസ്ഗാർ മേളയിലൂടെ വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ താൻ പൂർത്തിയാക്കിയ വിദേശ സന്ദർശനങ്ങളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ആഗോള കമ്പനികൾക്കും വിദേശ രാജ്യങ്ങൾക്കും ഇന്ത്യയിലെ യുവാക്കളുടെ സാങ്കേതിക നൈപുണ്യത്തിലും കഴിവുകളിലും വലിയ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി.

നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, യുഎഇ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി അഡ്വാൻസ്ഡ് ടെക്‌നോളജി, സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ എനർജി എന്നീ മേഖലകളിൽ ഇന്ത്യ ഉണ്ടാക്കിയ പുതിയ പങ്കാളിത്തങ്ങൾ രാജ്യത്തെ യുവാക്കൾക്ക് വരുംദിവസങ്ങളിൽ അഭൂതപൂർവ്വമായ തൊഴിലവസരങ്ങൾ തുറന്നുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം മുഴുവൻ 47 കേന്ദ്രങ്ങളിലായാണ് ഈ തൊഴിൽമേള സംഘടിപ്പിച്ചത്. ലക്ഷക്കണക്കിന് യുവാക്കൾക്ക് ഇതിനകം തന്നെ ഈ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ജോലികൾ ലഭിച്ചിട്ടുണ്ട്.

Also read: