ബീക്കൻ ലൈറ്റിട്ട് ആംബുലൻസിൽ എംഡിഎംഎ കടത്ത്; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ
തൃശ്ശൂർ: പോലീസിനെ വെട്ടിച്ച് ആംബുലൻസിൽ ബീക്കൻ ലൈറ്റിട്ട് എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. വെട്ടിക്കൽ സ്വദേശി ഫെയ്ത്‌ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെയാണ് 280 ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ സിറ്റി പോലീസ് പിടികൂടിയത്.
ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് തൃശ്ശൂരിൽ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ നീക്കം. രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ വാണിയമ്പറായിൽ നടത്തിയ പരിശോധനയിലാണ് ‘ശാരോൺ’ എന്ന ആംബുലൻസിൽ ലഹരി കടത്തിയ സംഘം വലയിലായത്. ഓപറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു നടപടി. സംഭവത്തിന് പിന്നിൽ വലിയ കണ്ണികളുണ്ടെന്ന് പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ കോഴിക്കോട് സൗത്ത് ബീച്ചിന് സമീപമുള്ള ലോഡ്‌ജിൽ നിന്ന് 38 ഗ്രാം എംഡിഎംഎയുമായി നല്ലളം സ്വദേശി സാജിദ് ജമാൽ പിടിയിലായി. ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് ഇയാൾ ലഹരിമരുന്നുമായി പിടിയിലാകുന്നത്. കേസുകളിൽ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ വീണ്ടും ലഹരി വിൽപന നടത്തിയിരുന്നത്.