02/06/2026
[fontresizer_tawhidurrahmandear_widget]

ലഹരി മാഫിയയെ തുരത്താൻ ‘ഓപറേഷൻ തൂഫാൻ’; ജൂൺ ഒന്ന് മുതൽ ശക്തമായ പരിശോധനയെന്ന് ആഭ്യന്തര മന്ത്രി

 ലഹരി മാഫിയയെ തുരത്താൻ ‘ഓപറേഷൻ തൂഫാൻ’; ജൂൺ ഒന്ന് മുതൽ ശക്തമായ പരിശോധനയെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും ശക്തിപ്പെടുന്നത് തടയാൻ ജൂൺ ഒന്ന് മുതൽ ‘ഓപറേഷൻ തൂഫാൻ’ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ ശക്തമായ പരിശോധനകൾ നടത്തും. കേരളത്തിന് പുറത്തുനിന്നുള്ള ലഹരി വരവ് തടയാൻ സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. നിയമം കയ്യിലെടുക്കുന്നവരെയും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ പ്രവർത്തിക്കുന്നവരെയും വെറുതെ വിടില്ല. ജനമൈത്രി പൊലീസ്, സ്റ്റുഡൻ്റ്സ് പൊലീസ് എന്നിവ ശക്തിപ്പെടുത്തും. ട്രാഫിക് അപകടങ്ങൾ കുറയ്ക്കാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവരുന്നതിനൊപ്പം മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്കരിക്കുമെന്നും സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഓപറേഷൻ കുബേര’യിൽ ആലോചിച്ച് തീരുമാനമെടുക്കും.

മുൻ മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലെ പ്രതിഷേധക്കാർക്ക് മർദനമേറ്റ സംഭവം നിർഭാഗ്യകരമാണെന്നും ഇതിൽ എഡിജിപിക്കെതിരെയുള്ള ആരോപണങ്ങൾ ഉൾപ്പെടെ എസ്ഐടി അന്വേഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസുകാരെ ആരും ഭീഷണിപ്പെടുത്തരുതെന്നും കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പാറക്കൽ അബ്ദുള്ളയുടെ നിവേദനത്തിൽ അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

Also read: