02/06/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങൾ പാകിസ്താനികളല്ല’; സിബിഎസ്ഇ വീഴ്ച സമ്മതിച്ചപ്പോൾ വിദ്യാർത്ഥിയുടെ മറുപടി വൈറൽ

 ‘ഞങ്ങൾ പാകിസ്താനികളല്ല’; സിബിഎസ്ഇ വീഴ്ച സമ്മതിച്ചപ്പോൾ വിദ്യാർത്ഥിയുടെ മറുപടി വൈറൽ

ന്യൂഡൽഹി: ഓൺ-സ്ക്രീൻ മാർക്കിങ് വിവാദത്തിൽ സിബിഎസ്ഇ 12-ാം ക്ലാസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് മാറിയ സംഭവത്തിൽ ഒടുവിൽ വീഴ്ച സമ്മതിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE). പുനർമൂല്യനിർണയ പ്രക്രിയയിൽ ബോർഡ് അപ്‌ലോഡ് ചെയ്ത ഫിസിക്സ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് വേദാന്ത് എന്ന വിദ്യാർത്ഥി നേരത്തെ ആരോപിച്ചിരുന്നു. ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ, തന്റെ യഥാർത്ഥ കൈയക്ഷരവും ഉത്തര രീതിയും പൊരുത്തപ്പെടുന്ന പുതിയ പിഡിഎഫ് സിബിഎസ്ഇ അയച്ചുനൽകിയതായും ഇത് വലിയ ആശ്വാസമായതായും വേദാന്ത് വ്യക്തമാക്കി.

തന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞതോടെ, വിഷയം പരസ്യമായി ഉന്നയിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്ന കടുത്ത ഓൺലൈൻ അധിക്ഷേപങ്ങൾക്കെതിരെ വിദ്യാർത്ഥി രംഗത്തെത്തി. തന്നെ ‘പാകിസ്ഥാനി’ എന്ന് വിളിച്ച് പരിഹസിച്ചതായും ഇന്ത്യക്കാരനാണോ എന്ന് പോലും ചിലർ ചോദ്യം ചെയ്തതായും വേദാന്ത് വെളിപ്പെടുത്തി. ട്രോളിങ് കാരണം ഭക്ഷണം കഴിക്കുന്നത് നിർത്തേണ്ടി വന്നതായും കടുത്ത വൈകാരിക ആഘാതം നേരിട്ടതായും വിദ്യാർത്ഥി കൂട്ടിച്ചേർത്തു. തനിക്ക് നേരിട്ട് പരാതിപ്പെടാൻ ഔദ്യോഗിക സംവിധാനമില്ലാതിരുന്നതിനാലാണ് സുഹൃത്തുക്കളുടെ നിർദേശപ്രകാരം എക്സ് അക്കൗണ്ട് ആരംഭിച്ച് വിഷയം ഉന്നയിച്ചതെന്ന് വേദാന്ത് പറഞ്ഞു.

17-കാരനായ വേദാന്തിന്റെ സഹോദരൻ സിദ്ധാന്തും ഈ ഓൺലൈൻ അധിക്ഷേപങ്ങളെ അപലപിച്ചു. അതേസമയം, പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ സഹായിച്ചതിന് പിതാവ് സഞ്ജയ് ശ്രീവാസ്തവ ബോർഡിനും മാധ്യമങ്ങൾക്കും നന്ദി അറിയിച്ചു. തെറ്റായ ഉത്തരക്കടലാസ് മാറിയതോടെ വേദാന്തിന്റെ ഫിസിക്സ് മാർക്ക് 65-ൽ നിന്ന് 74 ആയി ഉയരുകയും, മൊത്തം സ്കോർ 77 ശതമാനത്തോടടുക്കുകയും ചെയ്തു. ഫിസിക്സ് പേപ്പറിലെ മാർക്കിങ് വളരെ കർശനമായിരുന്നതിനാൽ ഇനിയും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുമെന്നും, ഇനി ജെഇഇ പരീക്ഷാ തയ്യാറെടുപ്പുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വേദാന്ത് വ്യക്തമാക്കി. ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തിലെ സാങ്കേതിക പിഴവുകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

Also read: