ട്രെയിൻ തറയിലിരുന്ന് സമൂസയ്ക്ക് മുകളിൽ കാൽവെച്ച് വിൽപന; റെയിൽവേ വിൽപ്പനക്കാരന്റെ ദൃശ്യങ്ങൾ വൈറൽ
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണ ശുചിത്വത്തെക്കുറിച്ച് വീണ്ടും ആശങ്കയുണർത്തി പുതിയ വീഡിയോ പുറത്ത്. ഓടുന്ന ട്രെയിനിന്റെ വാതിലിനടുത്ത്, വാഷ് ബേസിനിന് താഴെയുള്ള വൃത്തിഹീനമായ തറയിലിരുന്ന് സമൂസ വിൽക്കുന്ന ആളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
വിൽപ്പനയ്ക്കായി തുറന്നുവെച്ച പെട്ടിയിലെ സമൂസകൾക്ക് മുകളിലേക്ക് കാലുകൾ ചാരിവെച്ച്, മൊബൈലിൽ സംസാരിക്കുന്ന വിൽപ്പനക്കാരനെയാണ് വീഡിയോയിൽ കാണുന്നത്. ഇത് യാത്രക്കാരുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം വൃത്തിഹീനമായ സാഹചര്യങ്ങൾ വയറിളക്കം ഉൾപ്പെടെയുള്ള ദഹനനാള രോഗങ്ങൾക്ക് കാരണമായേക്കാം.
റെയിൽവേ കാറ്ററിങ് സേവനങ്ങളിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും അധികൃതരുടെ മേൽനോട്ടക്കുറവും ഈ സംഭവം വീണ്ടും ചർച്ചയാക്കുന്നു. യാത്രക്കാർ അടിസ്ഥാന ശുചിത്വം പ്രതീക്ഷിക്കുമ്പോഴും, ട്രെയിനുകളിലെ സുരക്ഷാ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങൾ.