കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി പീഡനം; 3 മാസം മുൻപേ ഉറപ്പിച്ച കൊലപാതകം; ഒന്നരവയസ്സുകാരന്റെ മരണത്തിൽ അഷ്കറിന്റെ മൊഴി
നെടുമങ്ങാട്: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിത് മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. തന്റെയും പങ്കാളി അഖിലയുടെയും സ്വൈര്യജീവിതത്തിന് കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് രണ്ടാനച്ഛൻ അഷ്കർ (31) പോലീസിനോട് സമ്മതിച്ചു. മൂന്ന് മാസത്തോളമായി കുഞ്ഞിനെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്നും വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചതെന്നും ഇയാൾ മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ അഖിലയെയും (21) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുഞ്ഞിനെ ഒഴിവാക്കാൻ മൂന്ന് മാസം മുൻപേ ഇരുവരും തീരുമാനിച്ചിരുന്നതായാണ് വിവരം. അമ്മ അഖിലയുടെ സാന്നിധ്യത്തിലായിരുന്നു പലപ്പോഴും ക്രൂരമായ പീഡനങ്ങൾ നടന്നിരുന്നത്. കുഞ്ഞിന്റെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയാണ് ഉപദ്രവിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച അഖില വീട്ടിലില്ലാതിരുന്ന സമയത്ത് കുഞ്ഞ് കരഞ്ഞപ്പോൾ അഷ്കർ തലയ്ക്ക് അടിക്കുകയായിരുന്നു. ബോധരഹിതനായ കുഞ്ഞിന്റെ ജീവൻ നഷ്ടമായെന്ന് ഉറപ്പായതോടെ, ചോറ് തൊണ്ടയിൽ കുടുങ്ങിയതാണെന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചു. വീടും പരിസരവും വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ച ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.
ഞായറാഴ്ച രാവിലെ പ്രതിയെ തെളിവെടുപ്പിനായി കരിക്കുഴിയിലെ വാടകവീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ അക്രമാസക്തരായി. കമ്പും കല്ലുമായി നാട്ടുകാർ പ്രതിയെ ആക്രമിക്കുകയും ഇയാളുടെ കാർ അടിച്ചുതകർക്കുകയും ചെയ്തു. പോലീസ് ലാത്തിവീശിയാണ് ജനക്കൂട്ടത്തെ മാറ്റിയത്. കുഞ്ഞിനെ ഉപദ്രവിക്കാനും പൊള്ളിക്കാനും ഉപയോഗിച്ച സാധനങ്ങൾ തോട്ടിൽ കളഞ്ഞെന്നും ചിലത് കത്തിച്ചെന്നും അഷ്കർ പോലീസിനോട് വിവരിച്ചു. അഖിലയുടെ ആദ്യ ഭർത്താവ് മരണപ്പെട്ട ശേഷമാണ് അർഷിത് ജനിക്കുന്നത്. ഇതിനുശേഷമാണ് ടാക്സി ഡ്രൈവറായ അഷ്കറിനൊപ്പം അഖില താമസം തുടങ്ങിയത്. അഷ്കറിന് കുഞ്ഞിനെ ഭയമായിരുന്നെന്നും, കുഞ്ഞിന്റെ കൈയൊടിഞ്ഞ വിവരം വാട്സാപ്പ് സ്റ്റാറ്റസ് വഴിയാണ് അറിഞ്ഞതെന്നും അഖിലയുടെ അമ്മ റീന പറഞ്ഞു. കുഞ്ഞിനെ വിട്ടുകിട്ടാൻ മുൻപ് പോലീസിനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അവർ വ്യക്തമാക്കി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഷ്കർ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. ആദ്യ ഭാര്യ ആമിനയെ വിഷം കൊടുത്ത് കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിച്ചതടക്കം നിരവധി പരാതികൾ ഇയാൾക്കെതിരെയുണ്ട്. മുൻപ് ഒപ്പം കഴിഞ്ഞിരുന്ന ചിറയൻകീഴ് സ്വദേശിനിയായ യുവതി ഒരു വർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. സ്ത്രീകളുടെ സ്വർണം വാങ്ങി പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. മുൻപത്തെ പരാതികളിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കാതിരുന്നതാണ് ഇപ്പോൾ ഒരു പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന ആക്ഷേപം ശക്തമാണ്.