02/06/2026
[fontresizer_tawhidurrahmandear_widget]

പശുക്കൾ എല്ലാ ജീവികൾക്കും മാതാവ്; വീഡിയോ പങ്കുവെച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

 പശുക്കൾ എല്ലാ ജീവികൾക്കും മാതാവ്; വീഡിയോ പങ്കുവെച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഗോശാലയിലെ പശുക്കൾക്ക് തീറ്റ കൊടുക്കുന്ന വീഡിയോ പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കളാണ് എല്ലാ ജീവികളുടെയും മാതാവെന്നും അവ സുഖവും സന്തോഷവും നൽകുന്നുവെന്നും അദ്ദേഹം അടിക്കുറിപ്പും വീഡിയോക്ക് നൽകിയിട്ടുണ്ട്. പശുക്കളെ സ്‌നേഹത്തോടെ പരിചരിക്കുകയും തീറ്റ നൽകുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കാനഹാ ഗോശാല ഇവം ബേസഹാരാ പശു ആശ്രയ്, മുഖ്യമന്ത്രി സഹഭാഗിത യോജന തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ ആയിരക്കണക്കിന് ഗോശാലകളാണ് ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്നത്. ഉടമകളില്ലാത്ത പശുക്കൾക്ക് പാർപ്പിടം, തീറ്റ, വൈദ്യസഹായം എന്നിവ നൽകുന്നതിനൊപ്പം പശുക്കളെ ദത്തെടുക്കുന്നവർക്ക് സാമ്പത്തിക സഹായവും ഈ പദ്ധതികൾ വഴി ഉറപ്പാക്കുന്നുണ്ട്.

ഗോശാലകളുടെ ആധുനികവൽക്കരണം, ബയോഗ്യാസ് പ്ലാന്റുകൾ, തീറ്റപ്പുൽ മാനേജ്‌മെന്റ് എന്നിവയ്ക്കായി വലിയ തുകയാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. കൂടാതെ കന്നുകാലി കള്ളക്കടത്തിനും നിയമവിരുദ്ധമായി പശുക്കളെ കൊല്ലുന്നതിനുമെതിരെ കർശന നടപടികളും സംസ്ഥാനത്ത് സ്വീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോശാലകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. ലക്ഷക്കണക്കിന് മൃഗങ്ങളെയാണ് ഈ കേന്ദ്രങ്ങൾ വഴി സംരക്ഷിക്കുന്നത്. പശുക്കളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി ദിവസേനയുള്ള പരിപാലന ചെലവുകളും വർദ്ധിപ്പിച്ചിട്ടുണ്ട്.

എന്നാൽ യോഗി ആദിത്യനാഥിന്റെ ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ബീഫ് കയറ്റിയയക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. പശു സംരക്ഷണം, സ്‌നേഹം എന്നിങ്ങനെ നിരന്തരം വാദിക്കുന്ന യുപിയിൽ നിന്നാണ് രാജ്യത്തെ ആകെ ബീഫ് കയറ്റുമതിയുടെ 55 മുതൽ 60 ശതമാനം കയറ്റിയയക്കുന്നതെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിന് പിന്നാലെ മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവയാണ് ബീഫ് കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ.

Also read: