ഫ്രഞ്ച് യുവതിയെ തോക്കിന്‍മുനയിൽ നിർത്തി കൂട്ടബലാത്സംഗം: പ്രതികൾക്ക് വധശിക്ഷ വിധിച്ച് പാകിസ്താൻ കോടതി
ലാഹോർ: പാകിസ്താനിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രഞ്ച് യുവതിയുടെ ബലാത്സംഗക്കേസിൽ വധശിക്ഷ ശരിവച്ച് കോടതി. ലാഹോർ-സിയാൽകോട്ട് മോട്ടോർവേയിൽ മക്കളുടെ മുന്നിലിട്ട് ഫ്രഞ്ച്-പാകിസ്താനി യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷയാണ് ലാഹോർ ഹൈക്കോടതി ശരിവച്ചു. അന്താരാഷ്ട്ര തലത്തിൽ വലിയ വാർത്താപ്രാധാന്യം നേടിയ കേസിൽ, പ്രതികളായ ആബിദ് മൽഹി, ഷഫഖത് അലി എന്നിവർക്ക് ഭീകരവിരുദ്ധ കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. 2020-ൽ പാകിസ്താനെ ഒന്നടങ്കം പിടിച്ചുലയ്ക്കുകയും വൻ ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുകയും ചെയ്ത സംഭവമായിരുന്നു ഇത്.
2020 സെപ്റ്റംബർ ഒൻപതിന് പുലർച്ചെയാണ് പാകിസ്താനെയും രാജ്യാന്തര സമൂഹത്തെയും ഞെട്ടിച്ച ആ ക്രൂരകൃത്യം നടന്നത്. ഫ്രഞ്ച് പൗരത്വമുള്ള പാകിസ്താൻ വംശജയായ യുവതി തന്റെ മൂന്ന് മക്കളോടൊപ്പം ലാഹോറിൽനിന്ന് ഗുജ്റൻവാലയിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രാമധ്യേ ലാഹോർ-സിയാൽകോട്ട് മോട്ടോർവേയിൽ കാറിലെ ഇന്ധനം തീർന്നുപോയി. തുടർന്ന് വാഹനം റോഡരികിൽ നിർത്തിയിട്ട ശേഷം യുവതി സഹായത്തിനായി ബന്ധുക്കളെയും മോട്ടോർവേ ഹെൽപ്ലൈൻ നമ്പറിലും ബന്ധപ്പെട്ട് കാത്തിരിക്കുകയായിരുന്നു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി കാറിന്റെ വാതിലുകളെല്ലാം ലോക്ക് ചെയ്തിട്ടാണ് അവർ അകത്തിരുന്നത്.
ഈ സമയത്താണ് പ്രതികൾ അവിടേക്ക് എത്തിയത്. കാറിനുള്ളിൽ യുവതിയും കുട്ടികളും മാത്രമാണെന്ന് മനസ്സിലാക്കിയ ഇവർ കാറിന്റെ ജനൽച്ചില്ലുകൾ തല്ലിത്തകർത്തു. തുടർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെയും മക്കളെയും കാറിൽനിന്ന് പുറത്തേക്ക് വലിച്ചിഴച്ചു. റോഡിനടുത്തുള്ള വിജനമായ വയലിലേക്ക് കൊണ്ടുപോയ ശേഷം, ഭയന്നുവിറച്ച മൂന്ന് കുഞ്ഞുങ്ങളുടെയും മുന്നിലിട്ടാണ് പ്രതികൾ യുവതിയെ മാറിമാറി ക്രൂരമായി ബലാത്സംഗം ചെയ്തത്.
ക്രൂരമായ ലൈംഗിക അതിക്രമത്തിന് ശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന ഒരു ലക്ഷം രൂപ, സ്വർണാഭരണങ്ങൾ, എടിഎം കാർഡുകൾ എന്നിവയും കവർന്നാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. കുട്ടികളുടെ മാനസികാവസ്ഥയെപ്പോലും തകർത്തു കളഞ്ഞ സംഭവം പാകിസ്താനിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള വലിയ ചോദ്യമുയർത്തി.
സംഭവം പുറത്തറിഞ്ഞതോടെ പാകിസ്താനിലെ പ്രധാന നഗരങ്ങളിലെല്ലാം വൻ പ്രതിഷേധം അലയടിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ജനരോഷത്തിനിടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ പരാമർശം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി.
കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ അന്നത്തെ ലാഹോർ പോലീസ് മേധാവി ഉമർ ഷെയ്ഖ്, ഇരയായ യുവതിയെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്. അർധരാത്രിയിൽ ഒരു സ്ത്രീ രണ്ട് കുട്ടികളുമായി പുരുഷന്മാരുടെ തുണയില്ലാതെ എന്തിന് യാത്ര ചെയ്തുവെന്നും, യാത്ര പുറപ്പെടുന്നതിന് മുൻപ് കാറിൽ ആവശ്യത്തിന് ഇന്ധനമുണ്ടോ എന്ന് എന്തുകൊണ്ട് പരിശോധിച്ചില്ല എന്നും അദ്ദേഹം ഒരു ടെലിവിഷൻ ചാനലിലൂടെ ചോദിച്ചു. പരാമർശം ജനങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചു.
ഇതോടെ പോലീസ് മേധാവിയെ മാറ്റിനിർത്തണമെന്നും സ്ത്രീവിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും സ്ത്രീ സംഘടനകളും സമരം ശക്തമാക്കി. ഒടുവിൽ കടുത്ത സമ്മർദങ്ങൾക്കൊടുവിൽ ഉമർ ഷെയ്ഖിന് തന്റെ പ്രസ്താവനയിൽ പരസ്യമായി മാപ്പ് പറയേണ്ടി വന്നു.
അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് നാണക്കേടുണ്ടാക്കിയ കേസ് തെളിയിക്കുക എന്നത് പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തിയത്. പ്രതികളെ കണ്ടെത്താനായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.
സംഭവസ്ഥലത്തുനിന്നും ഇരയുടെ ശരീരത്തിൽനിന്നും ശേഖരിച്ച ഡിഎൻഎ സാംപിളുകളാണ് കേസിൽ വഴിത്തിരിവായത്. മുൻപ് മറ്റ് ചില കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന പ്രതികളുടെ ഡിഎൻഎ വിവരങ്ങൾ പോലീസിന്റെ ഡാറ്റാബേസിലുണ്ടായിരുന്നു. ഇത് നിലവിലെ സാമ്പിളുകളുമായി ഒത്തുനോക്കിയതോടെയാണ് പ്രതികൾ ആബിദും ഷഫഖതുമാണെന്ന് തിരിച്ചറിഞ്ഞത്. കൂടാതെ മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളും ഇവരെ കൃത്യമായി സംഭവസ്ഥലവുമായി ബന്ധിപ്പിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഒളിവിൽ പോയ പ്രതികളെ പോലീസ് പിടികൂടി.
ലാഹോറിലെ ക്യാമ്പ് ജയിലിൽ പ്രത്യേകമായി സജ്ജീകരിച്ച ഭീകരവിരുദ്ധ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. അതിവേഗത്തിൽ നടന്ന വിചാരണയ്‌ക്കൊടുവിൽ 2021 മാർച്ചിൽ കോടതി വിധി പ്രസ്താവിച്ചു. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, ഭീകരവാദ വിരുദ്ധ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
രണ്ടു പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചു. കൂടാതെ ഇവർക്ക് ജീവപര്യന്തം തടവും കനത്ത പിഴയും കോടതി ചുമത്തിയിരുന്നു. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ, കടുത്ത ശിക്ഷയ്ക്കെതിരെ പ്രതികൾ ലാഹോർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ കോടതി തെളിവുകൾ വിലയിരുത്തിയതിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും തങ്ങൾക്ക് അനുകൂലമായ ഘടകങ്ങൾ കോടതി തള്ളിക്കളഞ്ഞുവെന്നും ചൂണ്ടിക്കാണിച്ചാണ് ഇവർ അപ്പീൽ നൽകിയത്. കേസിന്റെ ഗൗരവവും ഡിഎൻഎ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ കൃത്യതയും പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതികളുടെ വാദങ്ങളെല്ലാം തള്ളി. വിചാരണ കോടതിയുടെ വിധി പൂർണമായും ശരിവെച്ച ഉന്നത കോടതി, പ്രതികളുടെ അപ്പീലുകൾ തള്ളിക്കളയുകയായിരുന്നു.
പാക് കോടതി വിധിയെ ഇലോൺ മസ്‌ക് സ്വാഗതം ചെയ്തു. ‘ബ്രാവോ പാകിസ്താൻ! പാശ്ചാത്യ രാജ്യങ്ങളിലും നമ്മൾ ചെയ്യേണ്ടത് ഇതാണ്,’ എന്നാണ് മസ്‌ക് എക്‌സിൽ കുറിച്ചത്. ബ്രിട്ടനിലെ സ്വതന്ത്ര എം.പിയായ രൂപർട്ട് ലോവ്, പ്രതികളെ വധിക്കാൻ പാകിസ്താൻ കോടതി ഉത്തരവിട്ട വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ‘പാകിസ്താനിൽനിന്ന് നല്ലൊരു വാർത്ത വന്നിരിക്കുന്നു’ എന്ന് കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് പാക് കോടതിയുടെ നടപടിയെ പിന്തുണച്ചുകൊണ്ട് ഇലോൺ മസ്‌ക് രംഗത്തെത്തിയത്.