22/07/2026
[fontresizer_tawhidurrahmandear_widget]

ഒമാൻ കടലിൽ യുഎസ് കമാൻഡ് സെന്റർ തകർത്തെന്ന് ഇറാൻ; ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പിൻവാങ്ങി അമേരിക്കൻ യുദ്ധക്കപ്പലുകൾ

 ഒമാൻ കടലിൽ യുഎസ് കമാൻഡ് സെന്റർ തകർത്തെന്ന് ഇറാൻ; ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പിൻവാങ്ങി അമേരിക്കൻ യുദ്ധക്കപ്പലുകൾ

തെഹ്‌റാൻ/മസ്‌കത്ത്: അമേരിക്കൻ സഖ്യസേനയ്ക്ക് കനത്ത തിരിച്ചടി നൽകി ഒമാൻ കടലിൽ ഇറാന്റെ ആക്രമണം. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. ഒമാൻ കടലിൽ വെച്ച് ഇറാന്റെ വാണിജ്യ കപ്പലുകളെയും എണ്ണടാങ്കറുകളെയും തടയാൻ ശ്രമിച്ച യുഎസ് ഡിസ്‌ട്രോയർ കപ്പലിന്റെ തന്ത്രപ്രധാനമായ മിലിട്ടറി കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഇറാൻ നാവികസേന നേരിട്ട് ആക്രമിച്ചു തകർത്തു. ഇതിന് തൊട്ടുപിന്നാലെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത മിസൈൽ മുന്നറിയിപ്പുകളെ തുടർന്ന് യുഎസ് നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലുകൾ ഒമാൻ കടലിൽനിന്നും തന്ത്രപരമായി പിൻവാങ്ങി ഇന്ത്യൻ മഹാസമുദ്രം ലക്ഷ്യമാക്കി നീങ്ങിയതായി ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാൻ നാവികസേനയുടെ ഔദ്യോഗിക പ്രസ്താവനകളെ ഉദ്ധരിച്ച് ഇറാൻ വാർത്താ ഏജൻസി ‘തസ്‌നീം’ ആണ് ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്രനിയമങ്ങൾ ലംഘിച്ചും, ഒമാൻ കടലിൽ ഇറാന്റെ വാണിജ്യ കപ്പലുകളെയും നിരന്തരം തടസ്സപ്പെടുത്തിയും പ്രകോപനം സൃഷ്ടിച്ച യുഎസ് നാവികസേനയുടെ നീക്കങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്ന് ഇറാൻ നാവികസേന അവകാശപ്പെട്ടു.

ഒമാൻ കടലിൽ ഇറാന്റെ സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ച യുഎസ് ഡിസ്‌ട്രോയർ കപ്പലിനെ ഇറാൻ സേന കൃത്യമായി തിരിച്ചറിയുകയും, അതിനുള്ളിൽ പ്രവർത്തിച്ചിരുന്ന പ്രധാന കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് നേരെ മിസൈൽ തൊടുക്കുകയുമായിരുന്നു. ആക്രമണത്തിൽ യുഎസ് നാവിക കമാൻഡിന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. തങ്ങളുടെ ‘ഡെന’ എന്ന യുദ്ധക്കപ്പൽ തകർത്ത അമേരിക്കൻ-സയണിസ്റ്റ് സഖ്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായ രക്തസാക്ഷികളായ സൈനികരുടെ ഓർമ പുതുക്കിക്കൊണ്ടാണ് ഈ പ്രതിരോധ നടപടിയെന്ന് ഇറാൻ പ്രസ്താവനയിൽ വ്യക്തമാക്കി.

മിസൈൽ മുന്നറിയിപ്പും യുഎസ് കപ്പലുകളുടെ പിൻവാങ്ങലും
ഒമാൻ കടലിൽ വിന്യസിച്ചിരുന്ന അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന താക്കീത് നൽകി. ഇറാന്റെ സ്വന്തം സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത അത്യാധുനിക ‘ഖാദിർ’ ബാലിസ്റ്റിക് മിസൈലുകളും, പുതുതായി വിന്യസിച്ച അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ നാവികസേന യുഎസ് കപ്പലുകൾക്ക് നേരെ മുന്നറിയിപ്പ് വെടിയുതിർത്തത്.

ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ വിക്ഷേപണ ഭീഷണിയെ തുടർന്ന് മേഖലയിൽ ഓപറേഷൻ നടത്തിക്കൊണ്ടിരുന്ന അമേരിക്കയുടെ ഡിഡിജി-103, ഡിഡിജി-87 എന്നീ രണ്ട് പ്രമുഖ മിസൈൽ ഡിസ്‌ട്രോയർ യുദ്ധക്കപ്പലുകൾ ഒമാൻ കടലിൽനിന്നു തന്ത്രപരമായി പിൻവാങ്ങി ഇന്ത്യൻ മഹാസമുദ്രം ലക്ഷ്യമാക്കി നീങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയുടെ വിഖ്യാതമായ ജോർജ് ഡബ്ല്യു. ബുഷ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കപ്പലുകളാണ് ഇറാന്റെ മിസൈൽ കരുത്തിന് മുന്നിൽ പ്രതിരോധത്തിലായി ഒമാൻ കടൽ വിട്ടത്.

പുതിയ സൈനിക നീക്കത്തോടെ, പശ്ചിമേഷ്യയിലെ അന്താരാഷ്ട്ര വ്യാപാര പാതകളെയും സമുദ്ര സുരക്ഷയെയും തടസ്സപ്പെടുത്താൻ ശ്രമിച്ച അമേരിക്കൻ സഖ്യത്തിന്റെ കമാൻഡ് സെന്ററുകൾക്ക് കനത്ത പ്രഹരമേൽപ്പിക്കാൻ കഴിഞ്ഞതായി ഇറാൻ നാവികസേനയുടെ ഓപറേഷൻസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അറിയിച്ചു. അമേരിക്കൻ സൈന്യം തങ്ങളുടെ കടൽക്കൊള്ളയും ശത്രുതാപരമായ നീക്കങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ശത്രുക്കളുടെ കപ്പലുകൾ ഇറാന്റെ അതിർത്തിയിൽനിന്ന് എത്ര ദൂരേക്ക് മാറിയാലും, ആവശ്യമെങ്കിൽ തങ്ങളുടെ പക്കലുള്ള അതിദൂര പരിധിയുള്ള മിസൈലുകൾ ഉപയോഗിച്ച് അവയെ നേരിടാൻ ഇറാൻ മടിക്കില്ലെന്ന് നാവികസേന കടുത്ത ഭാഷയിൽ താക്കീത് നൽകി.

Also read: