09/06/2026
[fontresizer_tawhidurrahmandear_widget]

‘ലൈംഗിക അതിക്രമത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം’: ജാര്‍ഖണ്ഡ് ഹൈക്കോടതി

 ‘ലൈംഗിക അതിക്രമത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം’: ജാര്‍ഖണ്ഡ് ഹൈക്കോടതി

റാഞ്ചി: ബലാത്സംഗത്തിന് ഇരയാകുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലൈംഗിക അതിക്രമത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി. പീഡനക്കേസുകളിലെ മെഡിക്കല്‍ പരിശോധനകളില്‍ ശാസ്ത്രീയ അടിത്തറയില്ലാത്ത ‘ടു ഫിംഗര്‍ ടെസ്റ്റ്’ (രണ്ട് വിരല്‍ പരിശോധന) നടത്തരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി. മുമ്പ് സുപ്രീം കോടതിയും ഈ പരിശോധന നിരോധിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഇത് തുടരുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ ശക്തമായ ഇടപെടല്‍.

ഈ നിര്‍ണായക വിധിയിലൂടെ ലൈംഗിക അതിക്രമത്തെത്തുടര്‍ന്ന് ജനിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനായി നിരവധി ക്ഷേമപദ്ധതികളും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. പന്ത്രണ്ടാം ക്ലാസിന് ശേഷമുള്ള ഉന്നത വിദ്യാഭ്യാസത്തിന് ഈ കുട്ടികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനുപുറമേ, ഭാവിയില്‍ ഇവര്‍ ഐഐടി , എന്‍ഐടി, എയിംസ് , ഐഐഎം തുടങ്ങിയ രാജ്യത്തെ പ്രമുഖ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുകയാണെങ്കില്‍, അവരുടെ വിദ്യാഭ്യാസച്ചെലവുകള്‍ പൂര്‍ണമായും സ്‌കോളര്‍ഷിപ്പുകളിലൂടെയും മറ്റ് സര്‍ക്കാര്‍ സഹായങ്ങളിലൂടെയും ലഭ്യമാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരുടെ സ്വകാര്യതയും മാനസികശാരീരിക ഐക്യവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം, യാതൊരു തെറ്റും ചെയ്യാതെ ഇത്തരം ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ ജനിക്കേണ്ടി വരുന്ന കുട്ടികളെ ആരും പാര്‍ശ്വവല്‍ക്കരിക്കാതിരിക്കാനും അവര്‍ക്ക് സമൂഹത്തില്‍ മികച്ച ജീവിതസാഹചര്യങ്ങളും തുല്യനീതിയും ഉറപ്പാക്കാനും ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഈ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വലിയ രീതിയില്‍ വഴിയൊരുക്കും

Also read: