‘സ്ത്രീകളിൽ പുതിയ സ്വപ്നം വിരിഞ്ഞുതുടങ്ങിയിട്ടുണ്ടാകും, ഈ പദ്ധതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു’ – കെഎസ്ആർടിസി സൗജന്യ യാത്രയെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയെ പൂർണമായി സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. “ഈ പദ്ധതി എനിക്ക് വളരെ ഇഷ്ടപ്പെട്ട പദ്ധതിയാണ്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെൽപ്പ് അനുസരിച്ചാണ് പദ്ധതി ഭാഗികമായും പൂർണമായും നടപ്പാക്കിയിട്ടുള്ളത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ ഇതിന്റെ വ്യാപ്തി കൂടുതൽ വർധിക്കും,” എന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി വരെ ചിലപ്പോൾ ഭയാശങ്കളോ പ്രതീക്ഷയില്ലായ്മയോ നിഴലിച്ചിരുന്ന സ്ത്രീകളിൽ, പുതിയ തീരുമാനത്തോടെ ഒരു പുതുസ്വപ്നം വിരിഞ്ഞു തുടങ്ങിയിട്ടുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ കാലത്ത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തുപോകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സ്ത്രീകൾക്കായി ഒരുക്കുന്ന ഈ സംവിധാനത്തിന് വൻ വിജയം ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയിലെ ന്യൂനതകൾ തിരുത്താൻ സർക്കാർ തയ്യാറാകുമ്പോൾ, അതിനൊപ്പം നിൽക്കുന്ന തിരുത്തൽ ശക്തിയായി മാറാൻ പ്രതിപക്ഷവും തയ്യാറാകണം. ഗതാഗതത്തേക്കാൾ സാമ്പത്തിക കാര്യങ്ങളിൽ വിരുതുള്ള സി.പി. ജോണും മുഖ്യമന്ത്രിയും ചേർന്ന് ഇതിനെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ ഇടപെടലുകളും ട്രേഡ് യൂണിയനുകളും സമരസപ്പെടുത്തി ജനങ്ങളിലേക്ക് സേവനമെത്തിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു.