15/06/2026
[fontresizer_tawhidurrahmandear_widget]

‘കയ്യേറിയ ഫലസ്തീൻ ഭൂമിയുടെ നിയമവിരുദ്ധ കച്ചവടം നിർത്തുക’; ലണ്ടനിലെ ഇസ്രയേൽ റിയൽ എസ്റ്റേറ്റ് മേളയിൽ വൻ പ്രതിഷേധം

 ‘കയ്യേറിയ ഫലസ്തീൻ ഭൂമിയുടെ നിയമവിരുദ്ധ കച്ചവടം നിർത്തുക’; ലണ്ടനിലെ ഇസ്രയേൽ റിയൽ എസ്റ്റേറ്റ് മേളയിൽ വൻ പ്രതിഷേധം

ലണ്ടൻ: ലണ്ടനിലെ ഇസ്രയേൽ റിയൽ എസ്‌റ്റേറ്റ് മേളയ്ക്ക് നേരെ വൻ പ്രതിഷേധവും സംഘർഷവും. എഡ്ജ്‌വെയർ യുണൈറ്റഡ് സിനഗോഗിന് മുന്നിൽ ജൂൺ 14, ഞായറാഴ്ചയാണ് നൂറുകണക്കിന് ഫലസ്തീൻ അനുകൂലികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ ഇസ്രയേൽ കുടിയേറ്റ മേഖലകളിലെ വസ്തുവകകളാണ് ഈ മേളയിലൂടെ വിൽക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ‘ഫലസ്തീനികളിൽ നിന്ന് കവർന്നെടുത്ത ഭൂമിയുടെ നിയമവിരുദ്ധ വിൽപന ഇസ്രയേൽ നിർത്തുക’ എന്നെഴുതിയ പ്ലക്കാർഡുകളേന്തിയാണ് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തത്.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഈ ഭൂമി കച്ചവടമേള റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളും ഹൗസ് ഓഫ് ലോർഡ്‌സ് അംഗങ്ങളും വിദേശകാര്യ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും ഈ പരിപാടിയെ ശക്തമായി അപലപിച്ചു. എന്നാൽ യുകെയിലെ ജൂതന്മാർക്ക് ഇസ്രയേലിലേക്ക് താമസം മാറുന്നതിന് സഹായിക്കാനുള്ള ഒരു സാധാരണ റിയൽ എസ്റ്റേറ്റ് മേള മാത്രമാണിതെന്നും വെസ്റ്റ് ബാങ്കിലെ ഭൂമി ഇതിലൂടെ വിൽക്കുന്നില്ലെന്നുമാണ് സംഘാടകരുടെ വാദം.

മേളയ്‌ക്കെതിരെ ഫലസ്തീൻ യൂത്ത് മൂവ്‌മെന്റടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം പ്രതിഷേധക്കാർ എത്തിയതോടെ ഇസ്രയേൽ അനുകൂലികളും ഇതിനെതിരെ രംഗത്തുവന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാഗ്വാദവും സംഘർഷവുമുണ്ടായി. ഇതിനെത്തുടർന്ന് ക്രമസമാധാന ലംഘനത്തിനും വംശീയ പരാമർശങ്ങൾക്ക നടത്തിയതിനും പതിനാല് പേരെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. വൻ പോലീസ് സന്നാഹമെത്തിയാണ് ഇരുവിഭാഗത്തെയും വേർതിരിച്ചു നിർത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. സുരക്ഷാ കാരണങ്ങളാൽ ചില പ്രതിഷേധക്കാരെ പോലീസിന് അവിടെനിന്ന് മാറ്റേണ്ടി വന്നു. കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് സിനഗോഗിനുള്ളിൽ റിയൽ എസ്‌റ്റേറ്റ് മേള നടന്നത്.

അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഒരു പ്രദർശന പരമ്പരയുടെ ഭാഗമായാണ് ലണ്ടനിലും ഇത് സംഘടിപ്പിച്ചത്. നേരത്തെ മറ്റ് ചില സ്ഥലങ്ങളിൽ ഈ മേള നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് വേദികൾ മാറ്റുകയായിരുന്നു. നിയമവിരുദ്ധ കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ മേളയെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നത്.

Also read: