സംസ്ഥാനത്ത് ഷിഗല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം ആളിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. നിലവിൽ കേരളത്തിൽ 105 പേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ മാത്രം 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിൽ ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിപ സമ്പർക്ക പട്ടികയിലെ ഒരാൾ കൂടി രോഗ ലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നുള്ള 9 പേരിൽ 5 പേർ ആശുപത്രി വിട്ടു.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന രോഗമാണ് ഷിഗെല്ല. രോഗബാധിതരായ വ്യക്തികൾ കൈകൾ വൃത്തിയായി കഴുകാതെ ഭക്ഷണം പാകം ചെയ്ത് വിളമ്പുന്നതിലൂടെയോ വിസർജനങ്ങളിലൂടെയോ ആണ് ഈ ബാക്ടീരിയ പ്രധാനമായും മറ്റുള്ളവരിലേക്ക് എത്തുന്നത്. കടുത്ത വയറുവേദന, പനി, വിറയൽ, തുടർച്ചയായ വയറിളക്കം, മലത്തോടൊപ്പം രക്തമോ കഫമോ പോവുക എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലും പ്രായമായവരിലും ഈ രോഗബാധ പെട്ടെന്ന് ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ കടുത്ത ജാഗ്രത ആവശ്യമാണ്.