21/06/2026
[fontresizer_tawhidurrahmandear_widget]

ടിക്കി-ടാക്കയുടെ താളം തെറ്റിക്കാൻ സൗദിയുടെ മിന്നലാക്രമണങ്ങൾക്ക് കഴിയുമോ? സ്പെയിനിന് ആദ്യ ജയം അനിവാര്യം; തീപാറും പോരാട്ടം

 ടിക്കി-ടാക്കയുടെ താളം തെറ്റിക്കാൻ സൗദിയുടെ മിന്നലാക്രമണങ്ങൾക്ക് കഴിയുമോ? സ്പെയിനിന് ആദ്യ ജയം അനിവാര്യം; തീപാറും പോരാട്ടം

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ആദ്യ വിജയമെന്ന ലക്ഷ്യവുമായി സ്പെയിൻ സൗദിക്കെതിരെ ഇന്ന് കളത്തിലിറങ്ങുന്നു. ആദ്യ മത്സരത്തിൽ ദുർബലരായ കേപ് വെർഡെയോട് ഗോൾരഹിത സമനില വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് സ്‌പാനിഷ് പട വരുന്നത്. എന്നാൽ മറുഭാഗത്ത്, കരുത്തരായ ഉറുഗ്വേയെ 1-1 ന് സമനിലയിൽ തളച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് സൗദി അറേബ്യ.

ഗ്രൂപ്പിലെ നാല് ടീമുകൾക്കും നിലവിൽ ഓരോ പോയിൻ്റ് വീതമാണുള്ളത് എന്നതിനാൽ ഈ പോരാട്ടം ഇരു ടീമുകൾക്കും അതീവ നിർണായകമാണ്. അറ്റ്ലാൻ്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം ആരംഭിക്കുന്നത്.

കേപ് വെർഡെക്കെതിരായ ആദ്യ മത്സരത്തിൽ പന്തിൻ്റെ നിയന്ത്രണം പൂർണമായും സ്പെയിനിനായിരുന്നു. 27 ഷോട്ടുകളാണ് അവർ എതിർ പോസ്റ്റിലേക്ക് ഉതിർത്തത്, എന്നാൽ ഫിനിഷിങ്ങിലെ കൃത്യതയില്ലായ്മ അവർക്ക് വലിയ തിരിച്ചടിയായി. ടീം കൂടുതൽ മികച്ച രീതിയിൽ അവസരങ്ങൾ മുതലാക്കേണ്ടതുണ്ടെന്ന് സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് രായ വ്യക്തമാക്കിയിരുന്നു.

ലൂയിസ് ഡി ല ഫുവെന്റെയുടെ പരിശീലനത്തിന് കീഴിലിറങ്ങുന്ന സ്പെയിനിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ സ്ക്വാഡ് ഡെപ്ത്താണ്. പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായി വരുന്ന യുവതാരം ലാമിൻ യമാൽ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഇറങ്ങാൻ സാധ്യതയേറെയാണ് .ആദ്യ കളിയിൽ അവസാന 20 മിനിറ്റ് മാത്രമാണ് താരം കളിച്ചത്.

ക്യാപ്റ്റനും ബാലൺ ഡി’ഓർ ജേതാവുമായ റോഡ്രി നയിക്കുന്ന മിഡ്‌ഫീൽഡിൽ പെഡ്രിയും ഫാബിയൻ റൂയിസും മികച്ച ഫോമിലാണ്. മൈക്കൽ ഒയാസർബൽ, നിക്കോ വില്യംസ് എന്നിവരുടെ വേഗതയും സ്കിൽസും സൗദി പ്രതിരോധത്തിന് വലിയ തലവേദന സൃഷ്ടിക്കും.

2022 ലോകകപ്പിൽ അർജന്റീനയ്ക്കെതിരെ നേടിയ ചരിത്രവിജയത്തിന്റെ ഓർമ്മകളുള്ള സൗദി അറേബ്യയെ ഒട്ടും കുറച്ചുകാണാൻ സ്പെയിനിന് സാധിക്കില്ല. ജോർജിയോസ് ഡോണിസ് പരിശീലിപ്പിക്കുന്ന സൗദി ടീം അച്ചടക്കമുള്ള പ്രതിരോധവും മിന്നലാക്രമണങ്ങളുമാകും സ്പെയിനിനെതിരെയും പയറ്റുക.

സൗദി ഫുട്ബോളിലെ വളർച്ച ശ്രദ്ധേയമാണ്. പ്രൊഫഷണൽ ലീഗിന്റെ വികാസം, യൂറോപ്യൻ താരങ്ങളുടെ വരവ് (റൊണാൾഡോ, ബെൻസിമ, നെയ്മർ തുടങ്ങിയവർ), യൂത്ത് അക്കാദമികളിലെ നിക്ഷേപം എന്നിവയിലൂടെ അവർ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്.

ഉറുഗ്വേക്കെതിരെ 9 സേവുകൾ നടത്തി മികച്ച പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ മുഹമ്മദ് അൽ-ഒവൈസിലാണ് സൗദിയുടെ പ്രധാന പ്രതീക്ഷ. ആദ്യ മത്സരത്തിൽ ഗോൾ നേടിയ അബ്ദുല്ല അൽ-അംരിയും പ്രതിരോധത്തിൽ കരുത്താകും. ക്യാപ്റ്റൻ സലിം അൽ ദൗസരി നയിക്കുന്ന സൗദി മുന്നേറ്റ നിരയിൽ ഫിറാസ് അൽ ബുറെയ്ഖാൻ, മുഹമ്മദ് കാന്നോ, അൽ-ജുവൈർ എന്നീ പരിചയസമ്പന്നരായ താരങ്ങൾ ഏത് നിമിഷവും കളി തിരിക്കാൻ കെൽപ്പുള്ളവരാണ്.

സ്പെയിനിന്റെ അതിവേഗ പാസിംഗ് ഗെയിമും പൊസഷൻ ഫുട്ബോളും സൗദിയുടെ പ്രതിരോധ കോട്ടയുമായി ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പാണ്. സ്പെയിനിന് ഗ്രൂപ്പിൽ ആധിപത്യം ഉറപ്പിക്കാൻ ജയം അനിവാര്യമായിരിക്കെ, സൗദി കൗണ്ടർ അറ്റാക്കുകളിലൂടെ സ്പാനിഷ് വല കുലുക്കാൻ ശ്രമിക്കും. ഫിനിഷിങ്ങിലെ പിഴവുകൾ സ്പെയിൻ തിരുത്തുമോ, അതോ സൗദി മറ്റൊരു അട്ടിമറി കൂടി കുറിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

Also read: