അമേരിക്ക വിസമ്മതിച്ചു; ലോകകപ്പിനെത്തുന്ന ഇറാൻ ടീമിന് രാജ്യത്ത് തങ്ങാൻ അനുമതി നൽകി മെക്സിക്കോ
മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോളിനെത്തുന്ന ഇറാൻ ദേശീയ ടീമിന് രാജ്യത്ത് ബേസ് ക്യാമ്പ് ഒരുക്കാൻ അമേരിക്ക വിസമ്മതിച്ചതോടെ നിർണായക ഇടപെടലുമായി മെക്സിക്കോ. ഇറാൻ ടീമിന് തങ്ങളുടെ രാജ്യത്ത് താമസസൗകര്യം ഒരുക്കാൻ അനുമതി നൽകിയതായി മെക്‌സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം ഔദ്യോഗികമായി അറിയിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ ഇറാന്റെ മൂന്ന് മത്സരങ്ങളും നടക്കുന്നത് അമേരിക്കയിലാണെങ്കിലും, യു.എസ് അതിർത്തിയോട് ചേർന്നുള്ള മെക്സിക്കൻ നഗരമായ തിഹുവാനയിലാകും ടീമിന്റെ പരിശീലന ക്യാമ്പ് നടക്കുക. ഫിഫയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്ന് ക്ലോഡിയ ഷീൻബാം വ്യക്തമാക്കി. ഈ മാറ്റത്തിന് ഫിഫയും ഇറാൻ ഫുട്ബോൾ ഫെഡറേഷനും ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ട്.
മെക്സിക്കൻ പ്രസിഡന്റിന്റെ വാക്കുകൾ:
“ഇറാൻ ടീം രാത്രി സമയങ്ങളിൽ യു.എസിൽ തങ്ങുന്നത് അംഗീകരിക്കാനാകില്ലെന്ന കർശന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇതോടെ ഫിഫ പ്രതിനിധികൾ ഞങ്ങളെ സമീപിച്ച് ഇറാൻ ടീമിന് മെക്സിക്കോയിൽ താമസിക്കാൻ അനുവാദം നൽകുമോ എന്ന് ചോദിക്കുകയായിരുന്നു. തീർച്ചയായും നൽകാം, ഞങ്ങൾക്ക് അതിൽ യാതൊരു പ്രശ്നവുമില്ല എന്നാണ് ഞങ്ങൾ മറുപടി നൽകിയത്.”
തുടക്കത്തിൽ അരിസോണയിലെ ട്യൂസണിലായിരുന്നു ഇറാന്റെ ബേസ് ക്യാമ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി 28-ന് ഇറാനും യു.എസ്-ഇസ്രായേൽ സഖ്യവും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. തുടർന്ന് സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ക്യാമ്പ് കാലിഫോർണിയക്ക് തൊട്ടുതെക്കുള്ള തിഹുവാനയിലേക്ക് മാറ്റിയത്.
അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളും നിലവിലെ യുദ്ധസാഹചര്യവും ഇറാൻ ടീമിന്റെ യു.എസിലെ താമസം സങ്കീർണ്ണമാക്കുമായിരുന്നു. ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റിയതോടെ വിസ സംബന്ധമായ വലിയ കുരുക്കുകൾ ഒഴിവാക്കാൻ കഴിഞ്ഞതായി ഇറാൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി മെഹ്‌ദി താജ് പ്രതികരിച്ചു. ഇറാൻ എയർ വിമാനങ്ങൾക്ക് നേരിട്ട് മെക്സിക്കോയിൽ ലാൻഡ് ചെയ്യാനാകുമെന്നതും ടീമിന് വലിയ ആശ്വാസമാണ്.
അതേസമയം, ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം ഇറാൻ ടീമിന് ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് തടസ്സമൊന്നും ഉന്നയിച്ചിട്ടില്ലെങ്കിലും, താമസം നിഷേധിച്ചതിനെക്കുറിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് രാഷ്ട്രീയ കാരണങ്ങളാൽ ഒരു ടീമിന്റെ ബേസ് ക്യാമ്പ് മറ്റൊരു രാജ്യത്തേക്ക് മാറ്റേണ്ടി വരുന്നത്.