23/06/2026
[fontresizer_tawhidurrahmandear_widget]

ചോദ്യപ്പേപ്പർ ചോർച്ചയിൽ ‘ഡയപ്പർ ദാന’ പ്രചാരണവുമായി കോക്രോച്ചുകൾ; ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വേറിട്ട പ്രതിഷേധം

 ചോദ്യപ്പേപ്പർ ചോർച്ചയിൽ ‘ഡയപ്പർ ദാന’ പ്രചാരണവുമായി കോക്രോച്ചുകൾ; ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വേറിട്ട പ്രതിഷേധം

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി ‘ഡയപ്പർ ദാനം’ പ്രചാരണ പരിപാടി പ്രഖ്യാപിച്ചു. സമരത്തിന്റെ നാലാം ദിനമായ ചൊവ്വാഴ്‌ചയാണ് പുതിയ പ്രചാരണത്തിന് തുടക്കമിട്ടത്.

‘Diaper A Day Keeps Leaks Away’ എന്ന പേരിലാണ് പ്രചാരണം. അനുഭാവികളോട് ഡയപ്പറുമായി ജന്തർ മന്തർ സമരവേദിയിൽ എത്താനും അതിൽ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എഴുതാനും സിജെപി എക്സിൽ പങ്കുവച്ച പോസ്റ്റിൽ അഭ്യർഥിച്ചു. “ഒരു ഡയപ്പർ കൊണ്ടുവരിക, അതിൽ രാജി ആവശ്യമെഴുതുക, അതു വിദ്യാഭ്യാസ മന്ത്രിയിൽ എത്തിക്കുന്നത് ഞങ്ങൾ ഉറപ്പാക്കും” – സിജെപി എക്‌സിലെ കുറിപ്പിൽ ഇങ്ങനെ വ്യക്തമാക്കി.

സമരവേദിയുടെ വ്യാപ്തി ചുരുക്കാൻ ഡൽഹി പൊലീസ് ശ്രമിച്ചതായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. തിങ്കളാഴ്ച രാത്രി വൈകി ബാരിക്കേഡുകൾ മാറ്റി സമരസ്ഥലം ചെറുതാക്കാൻ പൊലീസ് ശ്രമിച്ചതായി ദിപ്കെ ആരോപിച്ചു. ആരോപണത്തിൽ ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടായില്ല. അതേസമയം, ഇന്നലെ പ്രവൃത്തിദിനമായിരുന്നിട്ടും സമരവേദിയിൽ തിരക്കേറിയെന്നും ദിപ്കെ പറഞ്ഞു. രാത്രി മുഴുവൻ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്കായി സമരവേദിയിൽ പ്രതിഷേധക്കാർ മെഴുകുതിരി കത്തിച്ചു. ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നതുവരെ സമരം തുടരുമെന്നാണ് സിജെപി അറിയിച്ചിരിക്കുന്നത്.

Also read: