24/07/2026
[fontresizer_tawhidurrahmandear_widget]

‘ഗസ്സയിലെ കുഞ്ഞുങ്ങളുടെ മുറിവുകൾ നിങ്ങളെ തേടിയെത്തും, അവരുടെ മുറിച്ചുമാറ്റപ്പെട്ട കാലുകൾ നിങ്ങളെ പിന്തുടരും’: പുലിറ്റ്സർ ജേതാവ് മുസ്‌അബ് അബൂ തൂഹ

 ‘ഗസ്സയിലെ കുഞ്ഞുങ്ങളുടെ മുറിവുകൾ നിങ്ങളെ തേടിയെത്തും, അവരുടെ മുറിച്ചുമാറ്റപ്പെട്ട കാലുകൾ നിങ്ങളെ പിന്തുടരും’: പുലിറ്റ്സർ ജേതാവ് മുസ്‌അബ് അബൂ തൂഹ

ഗസ്സ: ഗസ്സയിലെ കുട്ടികൾ നേരിടുന്ന അതിതീവ്രമായ ദുരിതങ്ങളിലേക്ക് വിരൽ ചൂണ്ടി പ്രശസ്ത ഫലസ്തീനിയൻ എഴുത്തുകാരനും പുലിറ്റ്സർ ജേതാവുമായ മുസ്‌അബ് അബൂ തൂഹ. ഗസ്സയിലെ അംഗഭംഗം വന്ന കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പിനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ഇസ്രയേൽ വംശഹത്യ കുട്ടികളിൽ വരുത്തിവെച്ച ആഴത്തിലുള്ള മുറിവുകളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

2023 ഒക്ടോബറിന് ശേഷം 1,500-ലധികം കുട്ടികൾക്കാണ് ഗസ്സയിൽ അംഗഭംഗം സംഭവിച്ചത്. ആവശ്യമായ ചികിത്സയോ പ്രോസ്തെറ്റിക് സൗകര്യങ്ങളോ ഇല്ലാതെ ഈ കുട്ടികൾ ഇന്നും ദുരിതപൂർണമായ ജീവിതം നയിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഈ ക്രൂരതയ്ക്ക് ലോകരാജ്യങ്ങൾ കൂട്ടുനിന്നു. പലരും മൗനം പാലിക്കുകയും ന്യായീകരിക്കുകയും ചെയ്തു. ഞങ്ങളുടെ കുട്ടികളുടെ മുഖത്തെ മുറിവുകൾ നിങ്ങളെ തേടിയെത്തും, അവരുടെ മുറിച്ചുമാറ്റപ്പെട്ട കാലുകൾ നിങ്ങളെ പിന്തുടരും,” മുസ്‌അബ് കുറിച്ചു.

ഗസ്സയിലെ എഡ്വേർഡ് സൈദ് ലൈബ്രറിയുടെ സ്ഥാപകനായ മുസ്‌അബിന്, ഗസ്സയിലെ യുദ്ധക്കെടുതികളെക്കുറിച്ചുള്ള ലേഖനങ്ങൾക്ക് 2025ൽ പുലിറ്റ്സർ പുരസ്കാരം ലഭിച്ചിരുന്നു. 2023 നവംബറിൽ ഇസ്രയേൽ സൈന്യത്തിന്റെ തടങ്കലിലായ അദ്ദേഹം, മോചിതനായ ശേഷം ഗസ്സയുടെ ശബ്ദമായി മാറുകയായിരുന്നു.

അതേസമയം, ഒക്ടോബർ 2023ന് ശേഷം ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. ഫലസ്‌തീനികളുടെ വരുംതലമുറയെ ഇല്ലാതാക്കാൻ മാതൃ-ശിശു പരിചരണ കേന്ദ്രങ്ങൾ മനപൂർവ്വം ലക്ഷ്യമിടുന്നുവെന്നും ഇത് ഗർഭഛിദ്രങ്ങൾക്കും ജന്മനാ വൈകല്യങ്ങൾക്കും കാരണമാകുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇസ്രയേൽ ഉപരോധം മൂലം മാനുഷിക സഹായം ലഭിക്കാതെ നിരവധി കുട്ടികൾ പട്ടിണി മൂലം മരണപ്പെട്ടു. പ്രതിരോധ കുത്തിവെപ്പുകളുടെ അഭാവം പകർച്ചവ്യാധികൾ പടരാൻ കാരണമായതായും, ഇസ്രയേലിന്റെ ഈ നടപടികൾ വംശഹത്യയിലേക്കും യുദ്ധക്കുറ്റങ്ങളിലേക്കുമാണ് വിരൽ ചൂണ്ടുന്നതെന്നും യുഎൻ കമ്മീഷൻ വ്യക്തമാക്കുന്നു. ലോകത്തിന് മുന്നിൽ ഒരു ബാല്യം ഇല്ലാതാക്കപ്പെടുമ്പോഴും ഫലസ്‌തീനിയൻ കുട്ടികൾ അതിജീവനത്തിനായി പോരാടുകയാണെന്ന് മുസ്‌അബ് ഓർമ്മിപ്പിക്കുന്നു.

Also read: