21/07/2026
[fontresizer_tawhidurrahmandear_widget]

‘ഇത് ഇസ്‌ലാമാബാദല്ല’; ബാങ്കുവിളി നിരോധിക്കാൻ ഡെന്മാർക്കിലെ ഇടതുപക്ഷ സർക്കാർ | Adhan Ban in Denmark

 ‘ഇത് ഇസ്‌ലാമാബാദല്ല’; ബാങ്കുവിളി നിരോധിക്കാൻ ഡെന്മാർക്കിലെ ഇടതുപക്ഷ സർക്കാർ | Adhan Ban in Denmark

കോപൻഹേഗൻ: ഇസ്‍ലാമിൽ നമസ്‌കാരങ്ങളുടെ മുന്നോടിയായുള്ള ‘ബാങ്കുവിളി'(അദാൻ) രാജ്യവ്യാപകമായി നിരോധിക്കാനുള്ള നീക്കവുമായി ഡെന്മാർക്കിലെ ഇടതുപക്ഷ സർക്കാർ(Adhan Ban in Denmark). യൂറോപ്പിലാകെ പടരുന്ന കുടിയേറ്റ വിരുദ്ധ തരംഗങ്ങൾക്കിടയിൽ, കൂടുതൽ കർശനമായ കുടിയേറ്റനയങ്ങളുടെ ഭാഗമായാണ് ഡാനിഷ് ഭരണകൂടം നടപടിയിലേക്ക് കടക്കുന്നത്. ഡെന്മാർക്കിലെ ചില നഗരങ്ങൾ കാണുമ്പോൾ പാകിസ്താനിലെ ‘ഇസ്‍ലാമാബാദിന്റെ പ്രാന്തപ്രദേശങ്ങൾ’ പോലെയാണ് തോന്നുന്നതെന്നും, ഇത്തരം പ്രവണതകൾ അനുവദിക്കാനാകില്ലെന്നും ഡാനിഷ് കുടിയേറ്റ കാര്യ മന്ത്രി മോർട്ടൻ ബോഡ്സ്‌കോവ് പറഞ്ഞു. രാജ്യത്ത് ‘ഇസ്‍ലാമികവൽക്കരണം’ വർധിച്ചുവരികയാണെന്ന ആശങ്കയും മന്ത്രി ഉയർത്തി.

തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേറിയ മെറ്റെ ഫ്രെഡറിക്‌സന്റെ നേതൃത്വത്തിലുള്ള മധ്യ ഇടത് ‘സോഷ്യൽ ഡെമോക്രാറ്റ്‌സ്’ സർക്കാരാണു വിവാദ നിയമനിർമാണത്തിന് നിയമപരമായ വഴികൾ തേടുന്നത്. കുടിയേറ്റക്കാരോട് കടുത്ത നിലപാട് സ്വീകരിക്കുന്ന യൂറോപ്പിലെ അപൂർവം ഇടതുപക്ഷ സർക്കാരുകളിലൊന്നാണ് ഡെന്മാർക്കിലേത്.

നിരോധനം നടപ്പിലാക്കുന്നതിന്റെ നിയമപരമായ വശങ്ങളെക്കുറിച്ച് പഠിക്കാൻ പുതിയ സർക്കാർ അന്വേഷണം പുനരാരംഭിച്ചതായി കുടിയേറ്റ മന്ത്രി മോർട്ടൻ ബോഡ്സ്‌കോവ് പ്രഖ്യാപിച്ചു. ഡാനിഷ് വാർത്താ ഏജൻസിയായ ‘റിറ്റ്‌സൗ’വിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ”ബാങ്കുവിളി ഡെന്മാർക്കിന്റെ മേൽക്കൂരകൾക്ക് മുകളിലൂടെ കേൾക്കേണ്ട ഒന്നല്ല. അതിന് ഡെന്മാർക്കിൽ സ്ഥാനമില്ല. ഡെന്മാർക്കിലെ തെരുവുകളിലൂടെ നടക്കുമ്പോൾ തങ്ങൾ എത്തിയത് ഇസ്ലാമാബാദിന്റെ ഏതെങ്കിലും ഒരു പ്രാന്തപ്രദേശത്താണോ എന്ന് ആർക്കും സംശയം തോന്നാൻ ഇടവരരുത്.”-മന്ത്രി പറഞ്ഞു.

പൊതുഇടങ്ങളിൽ ഇസ്ലാമിക ചിഹ്നങ്ങളും ആചാരങ്ങളും വർധിക്കുന്നത് ഡാനിഷ് സംസ്‌കാരത്തിന് ഭീഷണിയാണെന്നും, ഇത് തടയാൻ കർശന നിയമം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ തലസ്ഥാനമായ കോപൻഹേഗൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കടുത്ത ശബ്ദനിയന്ത്രണങ്ങൾ ഉള്ളതിനാൽ മിനാരങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നത് പ്രാദേശിക നിയമങ്ങൾ വഴി തടഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് രാജ്യവ്യാപകമായി നിയമപരമായ നിരോധനമാക്കി മാറ്റാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്.

നിരോധനനീക്കം മൂന്നാം തവണ

ഡെന്മാർക്കിൽ ബാങ്കുവിളി നിരോധിക്കാൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ശ്രമിക്കുന്നത് ഇതാദ്യമല്ല. നേരത്തെ 2020ലും 2025ലും സമാനമായ നിയമനിർമാണത്തിന് ശ്രമങ്ങൾ നടന്നിരുന്നെങ്കിലും സാങ്കേതികവും ഭരണഘടനാപരവുമായ കാരണങ്ങളാൽ അത് നടപ്പായിരുന്നില്ല. എന്നാൽ, ഈ മാസം ആദ്യം പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ മൂന്നാമതും അധികാരം ഉറപ്പിച്ചതോടെ, തങ്ങളുടെ പ്രധാന രാഷ്ട്രീയ അജണ്ടകളിലൊന്നായ കുടിയേറ്റ നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

യൂറോപ്പിലെ മറ്റ് മധ്യപക്ഷ, ഇടതുപക്ഷ പാർട്ടികൾക്ക് മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്നാണ് ഡെന്മാർക്കിലെ ‘ലോ-ഇമിഗ്രേഷൻ ലെഫ്റ്റ്’ അഥവാ കുറഞ്ഞ കുടിയേറ്റം ലക്ഷ്യമിടുന്ന ഇടതുപക്ഷ നയം. സാധാരണയായി വലതുപക്ഷ പാർട്ടികൾ ഉയർത്തുന്ന കുടിയേറ്റ വിരുദ്ധതയും കടുത്ത ദേശീയതാവാദവും ഡെന്മാർക്കിൽ ഇടതുപക്ഷം തന്നെ ഏറ്റെടുത്ത് നടപ്പാക്കുന്നു എന്നത് ആഗോള രാഷ്ട്രീയത്തിൽ തന്നെ അപൂർവ സംഭവമാണ്.

ഡെന്മാർക്കിലെ കടുത്ത കുടിയേറ്റ നയങ്ങൾ

കഴിഞ്ഞ കുറച്ചു വർഷങ്ങളായി യൂറോപ്പിലെ ഏറ്റവും കഠിനമായ കുടിയേറ്റ-അഭയാർത്ഥി വിരുദ്ധ നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് ഡെന്മാർക്ക്. ബാങ്കുവിളി നിരോധനത്തിനുള്ള ഇപ്പോഴത്തെ നീക്കം ഈ വലിയ നയരൂപീകരണത്തിന്റെ ഒരു ഭാഗം മാത്രമാണ്. നിലവിൽ ഡെന്മാർക്കിൽ നിലവിലുള്ള ചില പ്രധാന നിയന്ത്രണങ്ങൾ താഴെ പറയുന്നവയാണ്:

  1. ‘ഗെട്ടോ’ നിയമനിർമ്മാണം: വിദേശ വംശജർ അല്ലെങ്കിൽ കുടിയേറ്റക്കാർ കൂടുതലായി താമസിക്കുന്ന ജനവാസ മേഖലകളെ ‘ഗെട്ടോകൾ’ എന്ന് തരംതിരിക്കാനും, അവിടുത്തെ ജനസംഖ്യാ അനുപാതം മാറ്റുന്നതിനായി താമസക്കാരെ നിർബന്ധിതമായി ഒഴിപ്പിക്കാനും അധികാരികൾക്ക് ഈ നിയമം അധികാരം നൽകുന്നു.
  2. ആഭരണ നിയമം: രാജ്യത്ത് അഭയം തേടിയെത്തുന്ന അഭയാർത്ഥികളുടെ കൈവശമുള്ള സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അധികൃതർക്ക് കണ്ടുകെട്ടാം. ഇവ വിറ്റ് കിട്ടുന്ന പണം അവരുടെ താമസം, ഭക്ഷണം എന്നിവയുടെ ചെലവിലേക്കായി വകയിരുത്താനാണ് ഈ നിയമം.
  3. ആനുകൂല്യങ്ങൾ നിഷേധിക്കൽ: അഭയാർത്ഥി അപേക്ഷകൾ നിരസിക്കപ്പെടുന്നവർക്ക് രാജ്യത്ത് യാതൊരുവിധ സാമ്പത്തിക സഹായങ്ങളോ സാമൂഹിക ആനുകൂല്യങ്ങളോ സർക്കാർ നൽകാറില്ല.

2015-ൽ പശ്ചിമേഷ്യയിലെ ആഭ്യന്തര യുദ്ധങ്ങളെ തുടർന്ന് ദശലക്ഷക്കണക്കിന് അഭയാർത്ഥികൾ യൂറോപ്പിലേക്ക് ഒഴുകിയപ്പോൾ, അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഡെന്മാർക്ക് വളരെ കുറച്ചുപേരെ മാത്രമാണ് സ്വീകരിച്ചത്. വിദേശ വംശജരുടെ ജനസംഖ്യ പരിമിതപ്പെടുത്തി നിർത്താൻ കഴിഞ്ഞത് തങ്ങളുടെ നയതന്ത്ര വിജയമായാണ് ഡാനിഷ് ഭരണകൂടം വിലയിരുത്തുന്നത്.

ഡെന്മാർക്കിലെ മുസ്ലിം ജനസംഖ്യയും പ്രതികരണങ്ങളും

ഏകദേശം 60 ലക്ഷം ജനസംഖ്യയുള്ള ഡെന്മാർക്കിൽ നിലവിൽ 2,70,000 ഓളം മുസ്ലിംകളാണ് താമസിക്കുന്നത്. രാജ്യത്താകെ നൂറോളം പള്ളികളുമുണ്ട്. എന്നാൽ, ബാങ്കുവിളി നിരോധനവുമായി ബന്ധപ്പെട്ട് സർക്കാർ ഉയർത്തുന്ന വാദങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. കോപൻഹേഗനിലെ പ്രശസ്തമായ ഗ്രാൻഡ് മോസ്‌ക് ഉൾപ്പെടെയുള്ള വലിയ പള്ളികൾ നിലവിൽ തദ്ദേശഭരണകൂടങ്ങളുമായുള്ള സ്വമേധയായുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ പുറത്തേക്ക് കേൾക്കുന്ന രീതിയിൽ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കാറില്ല. അതുകൊണ്ടുതന്നെ രാജ്യത്ത് നിലവിലില്ലാത്ത ഒരു വലിയ പ്രശ്‌നത്തെ വോട്ടർമാരെ പ്രീതിപ്പെടുത്താനായി സർക്കാർ വലുതാക്കി കാണിക്കുകയാണെന്നാണ് ഇസ്ലാമിക സംഘടനകളുടെ ആക്ഷേപം.

നിരോധനത്തെ അനുകൂലിക്കുന്നവർ പറയുന്നത് സ്മാർട്ട്ഫോൺ അലാറങ്ങളും മറ്റ് ആധുനിക സാങ്കേതികവിദ്യകളും ഉള്ള ഈ കാലഘട്ടത്തിൽ പൊതുസ്ഥലങ്ങളിൽ വലിയ ശബ്ദത്തിൽ പ്രാർത്ഥനാ വിളി നടത്തേണ്ട ആവശ്യമില്ലെന്നാണ്. ഇത് മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമല്ല, മറിച്ച് പൊതുസ്ഥലങ്ങളിലെ ശബ്ദമലിനീകരണവും ക്രമസമാധാനവും ഉറപ്പാക്കാനുള്ള നീക്കമാണെന്നും അവർ വാദിക്കുന്നു.

Also read: