22/07/2026
[fontresizer_tawhidurrahmandear_widget]

ഓപറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ടത് 6 ഇന്ത്യൻ സൈനികർ; വീരമൃത്യു വരിച്ചത് അഞ്ച് കരസേനാ ഉദ്യോഗസ്ഥരും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനും

 ഓപറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ടത് 6 ഇന്ത്യൻ സൈനികർ; വീരമൃത്യു വരിച്ചത് അഞ്ച് കരസേനാ ഉദ്യോഗസ്ഥരും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനും

ന്യൂഡൽഹി: പാകിസ്ഥാനിലെയും ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ വർഷം നടത്തിയ സൈനിക നീക്കമായ ‘ഓപറേഷൻ സിന്ദൂർ’ സമയത്ത് കൊല്ലപ്പെട്ട ആറ് ഇന്ത്യൻ സൈനികരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന്റെ വെബ്സൈറ്റിലെ ‘റോൾ ഓഫ് ഓണർ’ വിഭാഗത്തിലാണ് രാജ്യം കാത്ത ധീരന്മാരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്മാരകത്തിലെ മതിൽ ത്രീഡിയിൽ 2025-ലെ രക്തസാക്ഷികളുടെ വിഭാഗത്തിൽ ഇവരുടെ പേരുകൾ സ്വർണലിപികളിൽ കൊത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

നാല് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സായുധ സേനയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചും ജീവത്യാഗങ്ങളെക്കുറിച്ചും പ്രതിരോധ മന്ത്രാലയം നടത്തുന്ന ആദ്യത്തെ ഔദ്യോഗികതലത്തിലുള്ള പരസ്യ സ്ഥിരീകരണമാണിത്. 2025 മെയ് മാസത്തിൽ നടന്ന സൈനിക നടപടിയിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, സുരക്ഷാ കാരണങ്ങളാൽ ധീരജവാന്മാരുടെ വിവരങ്ങൾ സർക്കാർ ഇതുവരെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

വീരമൃത്യു വരിച്ച ആറ് ധീരയോദ്ധാക്കൾ

പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അഞ്ച് കരസേനാ ഉദ്യോഗസ്ഥരും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനുമാണ് ഓപറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ടത്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ അതിസങ്കീർണമായ നീക്കമായിരുന്നു ഓപറേഷൻ സിന്ദൂർ എന്ന് ഈ പട്ടിക അടിവരയിടുന്നു. വീരമൃത്യു വരിച്ച ധീരന്മാർ ഇവരാണ്:

  1. സുബേദാർ മേജർ പവൻ കുമാർ(ഹെഡ്ക്വാർട്ടേഴ്‌സ് 10 ഇൻഫൻട്രി ബ്രിഗേഡ്)
  2. റൈഫിൾമാൻ സുനിൽ കുമാർ, വീരചക്ര(4 ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി)
  3. ലാൻസ് നായിക് ദിനേഷ് കുമാർ(5 ഫീൽഡ് റെജിമെന്റ്)
  4. ഏവിയേഷൻ ടെക്‌നീഷ്യൻ മൂഡ് മുരളിനായിക്(851 ലൈറ്റ് റെജിമെന്റ്)
  5. ഹവിൽദാർ സുനിൽ കുമാർ സിങ്(237 ഫീൽഡ് വർക്ക്ഷോപ്പ് കമ്പനി)
  6. സെർജന്റ് സുരേന്ദ്ര കുമാർ, വായുസേനാ മെഡൽ(39 വിങ്, ഇന്ത്യൻ വ്യോമസേന)

ബഹുമതികൾ പ്രഖ്യാപിച്ചവരിൽ റൈഫിൾമാൻ സുനിൽ കുമാറിന് മരണാനന്തര ബഹുമതിയായി രാജ്യത്തിന്റെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ ‘വീരചക്ര’ നൽകി രാജ്യം ആദരിച്ചു. കഴിഞ്ഞ ജൂൺ എട്ടിന് രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധ പുരസ്‌കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കളായ സുദേഷ് കുമാരിയും യഷ് പാലും ഈ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ഷെല്ലാക്രമണത്തിനിടയിലും വ്യോമസേനാ ഓപറേഷനു തന്ത്രപരമായ പിന്തുണ നൽകിയ സെർജന്റ് സുരേന്ദ്ര കുമാറിന് മരണാനന്തര ബഹുമതിയായി ‘വായുസേനാ മെഡലും’ നൽകി രാജ്യം ആദരിച്ചു.

എന്താണ് ഓപറേഷൻ സിന്ദൂർ?

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിനുള്ള മറുപടിയായാണ് ഇന്ത്യ ‘ഓപറേഷൻ സിന്ദൂർ’ പ്രഖ്യാപിച്ചത്. പഹൽഗാമിൽ വിനോദസഞ്ചാരികളായ തീർത്ഥാടകരെ ലക്ഷ്യമിട്ട് അഞ്ച് സായുധ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ, ഹിസ്ബുൽ മുജാഹിദീൻ എന്നീ ഭീകര സംഘടനകളാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിരുന്നു..

തുടർന്ന് 2025 മെയ് ആറ്, ഏഴ് തീയതികളിലെ അർധരാത്രിയിൽ ഇന്ത്യൻ സായുധ സേന പാകിസ്ഥാൻ അതിർത്തിക്കുള്ളിലെയും പാക് അധിനിവിഷ്ട കശ്മീരിലെയും ഒൻപത് ഭീകരവാദ ക്യാമ്പുകൾ ലക്ഷ്യമിട്ട് മിസൈൽ-വ്യോമ ആക്രമണങ്ങൾ നടത്തി. ഭീകരരുടെ താവളങ്ങളും ലോഞ്ച് പാഡുകളും പൂർണമായി തകർക്കുക എന്നതായിരുന്നു സൈനിക നീക്കത്തിന്റെ ലക്ഷ്യം. പാകിസ്ഥാന്റെ സൈനിക താവളങ്ങളോ സാധാരണക്കാരോ ലക്ഷ്യമിട്ടല്ല, മറിച്ച് പൂർണമായും ഭീകരവാദ താവളങ്ങൾക്കു നേരെ മാത്രം കൃത്യതയാർന്ന ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു.

വ്യോമാതിർത്തിയിലെ വൻ യുദ്ധവും ഷെല്ലാക്രമണവും

ഇന്ത്യയുടെ ആക്രമണത്തെത്തുടർന്ന് മെയ് 7-ന് ഇരുരാജ്യങ്ങളുടെയും വ്യോമസേനകൾ അതിർത്തിയിൽ നേർക്കുനേർ വന്നു. ഇന്ത്യയുടെ 72 വിമാനങ്ങളും പാകിസ്ഥാന്റെ 42 വിമാനങ്ങളും ഉൾപ്പെടെ 114-ലധികം യുദ്ധവിമാനങ്ങൾ പങ്കെടുത്ത ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യോമപോരാട്ടങ്ങളിലൊന്നിനാണ് അതിർത്തി സാക്ഷ്യം വഹിച്ചത്. അതിർത്തി കടക്കാതെ 100 കിലോമീറ്ററിലധികം അകലെ നിന്ന് പരസ്പരം മിസൈലുകൾ തൊടുക്കുന്ന ബി.വി.ആർ സാങ്കേതികവിദ്യയാണ് ഇരുവിഭാഗവും ഉപയോഗിച്ചത്. ഏകദേശം 52 മിനിറ്റോളം ഈ ആകാശയുദ്ധം നീണ്ടുനിന്നു. ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങൾ തകർത്തതായി പാകിസ്ഥാൻ അവകാശപ്പെട്ടെങ്കിലും പിന്നീട് വ്യോമസേനാ രേഖകൾ വഴി അത് വ്യാജമാണെന്ന് തെളിഞ്ഞു.

ആകാശയുദ്ധത്തിന് പിന്നാലെ കശ്മീരിലെ പൂഞ്ച്, രജൗരി, കുപ്വാര, ബാരാമുള്ള, ഉറി, അഖ്നൂർ തുടങ്ങിയ മേഖലകളിൽ ആക്രമണമുണ്ടായി. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ആർ.എസ് പുര സെക്ടറിലും പൂഞ്ചിലും ഉണ്ടായ കനത്ത ഷെല്ലാക്രമണത്തിലാണ് ഇന്ത്യൻ സൈനികർക്ക് ജീവഹാനി സംഭവിച്ചത്. ആർ.എസ് പുരയിൽ മുന്നണിപ്പോരാളികൾക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നതിനിടയിലാണ് രാജസ്ഥാൻ സ്വദേശിയായ വ്യോമസേനാ സെർജന്റ് സുരേന്ദ്ര കുമാറിന് (36) ഷെൽ തെറിച്ച് മാരകമായി പരിക്കേൽക്കുന്നതും അദ്ദേഹം വീരമൃത്യു വരിക്കുന്നതും. ഒടുവിൽ മെയ് 10-ന് ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപറേഷൻസ് ഡയറക്ടർ ജനറൽമാർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.

Also read: