12/05/2026
[fontresizer_tawhidurrahmandear_widget]

ശത്രുറഡാറുകളുടെ കണ്ണുവെട്ടിച്ച് റിസ്‌വാൻ മാലിക് സുഖോയ് പോർവിമാനത്തിൽ പാക് അതിർത്തി കടന്നു; ഭീകരകേന്ദ്രങ്ങൾക്ക് അഗ്നിവർഷം നടത്തി മടങ്ങി-ഓപറേഷൻ സിന്ദൂർ ഹീറോയുടെ ജീവിതം

 ശത്രുറഡാറുകളുടെ കണ്ണുവെട്ടിച്ച് റിസ്‌വാൻ മാലിക് സുഖോയ് പോർവിമാനത്തിൽ പാക് അതിർത്തി കടന്നു; ഭീകരകേന്ദ്രങ്ങൾക്ക് അഗ്നിവർഷം നടത്തി മടങ്ങി-ഓപറേഷൻ സിന്ദൂർ ഹീറോയുടെ ജീവിതം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കാൻ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ മിന്നലാക്രമണത്തിന് ഒരു വർഷം തികയുകയാണ്. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും സർവസജ്ജമായി നിലയുറപ്പിച്ച ആ രാത്രി, ഏതൊരു അത്യാധുനിക പോർവിമാനത്തിനും അതൊരു മരണക്കെണിയായിരുന്നു. എന്നാൽ, ഇന്ത്യൻ വ്യോമസേനയുടെ സ്‌ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന് അതൊന്നും ഒരു തടസ്സമായിരുന്നില്ല. മരണഭയമില്ലാതെ തന്റെ സുഖോയ് Su-30MKI പോർവിമാനത്തിൽ പാക് അതിർത്തി കടന്ന അദ്ദേഹം, ശത്രുറഡാറുകളുടെ കണ്ണുവെട്ടിച്ച് ഭീകരകേന്ദ്രങ്ങൾക്ക് മേൽ കൃത്യതയോടെ അഗ്‌നിവർഷം നടത്തി.

ജമ്മു കശ്മീരിലെ ബൈസരൻ താഴ്വരയിൽ 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയായിരുന്നു മെയ് 7-ലെ ‘ഓപറേഷൻ സിന്ദൂർ’. ജെയ്ഷെ മുഹമ്മദ് , ലഷ്‌കറെ ത്വയ്ബ, ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനകളുടെ പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇന്ത്യ ഈ ഓപറേഷൻ നടത്തിയത്. സാധാരണക്കാരെയോ മറ്റ് സൈനിക കേന്ദ്രങ്ങളെയോ ബാധിക്കാതെ, ഭീകരരുടെ താവളങ്ങൾ മാത്രം തകർത്തെറിയുക എന്നതായിരുന്നു ദൗത്യം. അതിൽ ഇന്ത്യ പൂർണവിജയം നേടുകയും ചെയ്തു. ഇതിൽ നിർണായക പങ്ക് വഹിച്ച വീരനായകനായിരുന്നു റിസ്വാൻ മാലിക്.

മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലുള്ള കെയ്ഖു ഗ്രാമത്തിൽ ഒരു മെയ്‌തെയ് പംഗൽ കുടുംബത്തിലാണ് മാലിക് ജനിച്ചത്. റിട്ടയേർഡ് ഹോർട്ടികൾച്ചർ ഓഫീസർ അൽഹാജ് ഹാഫിസുദ്ദീന്റെ മകനായ മാലിക്, 2015ൽ വ്യോമസേനയിൽ ചേർന്നു. 195-ാമത് ഫ്‌ലൈയിങ് കോഴ്സിന്റെ ഭാഗമായി സേവനം ആരംഭിച്ച അദ്ദേഹം സ്വന്തം കഠിനാധ്വാനം കൊണ്ട് 2021ൽ സ്‌ക്വാഡ്രൺ ലീഡറായി സ്ഥാനക്കയറ്റം നേടി. ശത്രുപാളയത്തിനുള്ളിലേക്ക് ആഴത്തിൽ നുഴഞ്ഞുകയറിയുള്ള ആക്രമണങ്ങളിൽ(ഡീപ്പ് സ്‌ട്രൈക്ക് മിഷൻ) പ്രത്യേക പരിശീലനം നേടിയ അദ്ദേഹം കടുത്ത സമ്മർദങ്ങൾക്കിടയിലും വളരെ കൃത്യതയോടെയും വേഗത്തിലും ലക്ഷ്യം പൂർത്തിയാക്കുകയായിരുന്നു.

പാകിസ്ഥാന്റെ പടിഞ്ഞാറൻ അതിർത്തിയിലുള്ള ഒൻപത് ഭീകരകേന്ദ്രങ്ങളാണ് ഓപറേഷൻ സിന്ദൂരിൽ ഇന്ത്യ ലക്ഷ്യമിട്ടത്. പാക് സൈന്യത്തിന്റെ കനത്ത സുരക്ഷയും പിന്തുണയുമുള്ള ഈ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുക എന്നത് അത്യന്തം അപകടകരമായിരുന്നു. പാതിരാത്രിയിൽ മറ്റൊരു വിമാനത്തിന്റെയും അകമ്പടിയില്ലാതെ(അനെസ്‌കോർട്ടഡ് സ്‌ട്രൈക്ക്) ശത്രുപാളയത്തിലേക്ക് പറന്നിറങ്ങിയ മാലിക് പാക് സേനയുടെ റഡാറുകളുടെയും അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും വലയം ഭേദിച്ച് തന്റെ സുഖോയ് വിമാനം താഴ്ത്തി പറത്തുകയും ശത്രുപാളയങ്ങൾക്ക് നേരെ മിസൈൽ തൊടുത്തുവിടുകയുമായിരുന്നു.

ശത്രുക്കൾക്ക് മുന്നിലെ പതറാത്ത ധീരതയും, പ്രതിസന്ധി ഘട്ടത്തിലെ മികച്ച നേതൃപാടവവും മുൻനിർത്തി 2025ലെ സ്വാതന്ത്ര്യദിനത്തിൽ രാജ്യം അദ്ദേഹത്തെ ‘വീരചക്ര’ നൽകി ആദരിച്ചു. യുദ്ധകാലത്തെ ധീരതയ്ക്കുള്ള ഇന്ത്യയുടെ ഏറ്റവും ഉയർന്ന സൈനിക ബഹുമതികളിലൊന്നാണിത്. ഓപറേഷൻ സിന്ദൂർ നടന്നിട്ട് ഒരു വർഷം പിന്നിടുമ്പോൾ, സ്‌ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന്റെ കഥ ഓരോ ഭാരതീയന്റെയും സിരകളിൽ ആവേശമായി തുടരുകയാണ്. കേവലം ഒരു പൈലറ്റ് എന്നതിലുപരി, സ്വന്തം ജീവൻ പണയം വെച്ച് ശത്രുവിന്റെ നെഞ്ചിലേക്ക് പറന്നിറങ്ങി വിജയം വരിച്ച ഒരു യഥാർത്ഥ പോരാളിയായി കാലം അദ്ദേഹത്തെ എന്നും ഓർമിക്കും.

Also read: