പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ ചോർത്തി; അൽവാർ മിലിട്ടറി ക്യാമ്പിൽ നിന്ന് 20-കാരൻ പിടിയിൽ
ജയ്പൂർ: പാക് ചാരസംഘടനയ്ക്കു വേണ്ടി ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ ചോർത്തിയ യുവാവ് പിടിയിൽ. രാജസ്ഥാനിലെ അൽവാർ ഈറ്റാറാണ സൈനിക ക്യാമ്പ് പരിസരത്തുനിന്നാണ് ജോധ്പൂർ സ്വദേശിയായ കുന്ദൻ ബിഷ്‌ണോയ്(20) അറസ്റ്റിലായത്. മിലിട്ടറി ഇന്റലിജൻസും രാജസ്ഥാൻ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
പാകിസ്ഥാൻ ഇന്റലിജൻസ് ഓപറേറ്റീവ്‌സിന്(പിഐഒ) വേണ്ടി സജീവ ഏജന്റായി പ്രവർത്തിച്ചിരുന്ന ഇയാൾ, ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങളും ഭൂപടങ്ങളും അതിർത്തി കടത്തിവിട്ടതായി സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചതായി ‘ദൈനിക് ഭാസ്‌കർ’ റിപ്പോർട്ട് ചെയ്തു. ചാരപ്രവർത്തനത്തിലൂടെ ലഭിക്കുന്ന വൻ തുക ഉപയോഗിച്ച് സൈനിക ക്യാമ്പ് പരിസരത്തെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനികളുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചിരുന്നതായും ഞെട്ടിക്കുന്ന വിവരങ്ങൾ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഓപറേഷൻ സിന്ദൂർ വിവരങ്ങളും ഇയാൾ പാകിസ്താന് കൈമാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാത്രിയിലെ ഫോൺ കോൾ; വലയിലായത് പാക് ഏജന്റ്
മിലിട്ടറി ഇന്റലിജൻസിന്റെ കടുത്ത നിരീക്ഷണത്തിനൊടുവിലാണ് കുന്ദൻ പിടിയിലാകുന്നത്. സൈനിക മേഖലയിൽ രാത്രി വൈകി ഒരു വിദ്യാർത്ഥിനിയുമായി സംശയാസ്പദമായ രീതിയിൽ സംസാരിക്കുന്നതിനിടയിലാണ് സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. വിഷയം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് ബോധ്യപ്പെട്ടതോടെ ആർമി ഇന്റലിജൻസ് വിവരം അൽവാറിലെ എം.ഐ.എ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, സി.ഐ.ഡി, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവരടങ്ങുന്ന സംയുക്ത അന്വേഷണ സംഘം യുവാവിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. പ്രതിയുടെ മൊബൈൽ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചപ്പോഴാണ് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന ചാരപ്രവർത്തനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വിദ്യാർത്ഥിനികളെ കരുവാക്കി ഹണിട്രാപ്പ് തന്ത്രം
അന്വേഷണ ഏജൻസികളെപ്പോലും അത്ഭുതപ്പെടുത്തിയത് കുന്ദൻ ബിഷ്‌ണോയ് വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന രീതികളാണ്. പാകിസ്ഥാനിലെ ഹാൻഡ്ലർമാരിൽനിന്ന് ഇയാൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി വൻതോതിൽ പണം ലഭിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് ഇയാൾ ഇൻസ്റ്റഗ്രാം വഴിയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മക്കളായ സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ചു.
പെൺകുട്ടികളുടെ വിശ്വാസം നേടിയെടുക്കാൻ അവരുടെ ജന്മദിനങ്ങളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര സമ്മാനങ്ങൾ ഇയാൾ വാങ്ങി നൽകാറുണ്ടായിരുന്നു. ഈ സൗഹൃദം മുതലെടുത്ത് സൈനിക ഉദ്യോഗസ്ഥരുടെ വീടുകളിലെ വിവരങ്ങളും ക്യാമ്പിനുള്ളിലെ മാറ്റങ്ങളും തന്ത്രപരമായി ചോർത്തിയെടുക്കുകയായിരുന്നു ഇയാളുടെ രീതി. കൗമാരക്കാരായ പെൺകുട്ടികളെ ഇത്തരത്തിൽ ഒരു ചാരപ്രവർത്തനത്തിനായി കരുവാക്കിയ ശൃംഖലയെക്കുറിച്ച് ഏജൻസികൾ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
‘ഓപറേഷൻ സിന്ദൂർ’ രഹസ്യങ്ങളും ചോർത്തി
ഇന്ത്യൻ സൈന്യം അതീവ രഹസ്യമായി നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ സമയത്തും കുന്ദൻ ബിഷ്‌ണോയ് സജീവമായി പാകിസ്ഥാന് വിവരങ്ങൾ കൈമാറിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സൈന്യത്തിന്റെ നീക്കങ്ങൾ, താവളങ്ങൾ, സൈനികരുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇയാൾ പാക് ഹാൻഡ്ലർമാർക്ക് അയച്ചുകൊടുത്തു. ഈ വിവരങ്ങൾക്ക് പകരമായിട്ടാണ് കൃത്യമായ ഇടവേളകളിൽ ഇയാളുടെ അക്കൗണ്ടുകളിലേക്ക് പാകിസ്ഥാനിൽനിന്നു പണമെത്തിയിരുന്നത്.
പ്രതിയുടെ ഫോണിൽനിന്നു നിരവധി തന്ത്രപ്രധാനമായ സൈനിക ചിത്രങ്ങളും സന്ദേശങ്ങളും സുരക്ഷാ ഏജൻസികൾ കണ്ടെടുത്തു. ഇയാൾക്ക് പാകിസ്ഥാനിൽനിന്നു പണം എത്തിച്ചുകൊടുത്ത പ്രാദേശിക ലിങ്കുകളെക്കുറിച്ചും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. രാജസ്ഥാനിലെ അതിർത്തി മേഖലകളിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐ സമാനമായ രീതിയിൽ കൂടുതൽ യുവാക്കളെ വലയിലാക്കിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്.
ഈ ചാരശൃംഖലയുടെ പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെക്കൂടി ഉടൻ കണ്ടെത്താനാകുമെന്ന് സംയുക്ത അന്വേഷണ സംഘം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ പ്രതി സുരക്ഷാ ഏജൻസികളുടെ കസ്റ്റഡിയിലാണ്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുമെന്ന് അൽവാർ എസ്.പി സുധീർ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.