അജ്മീർ ദർഗയിലെ ‘നേർച്ച പാത്ര’ത്തിലേക്ക് എടുത്തുചാടി; യുവാവിന് ക്രൂര മർദ്ദനം
ഓരോ ദിവസവും പതിനായിരക്കണക്കിന് വിശ്വാസികളെത്തുന്ന ആരാധനാലയങ്ങളിലൊന്നാണ് അജ്മീർ ഷെരീഫ് ദർഗ. ലോകപ്രശസ്തമായ അജ്മീർ ഷെരീഫ് ദർഗയിലെ നേർച്ച പാത്രമായ ‘ബഡി ദേഗ്’ ലേക്ക് ഞായറാഴ്ച എടുത്ത് ചാടിയ യുവാവിനെ ദർഗയിലെ ജീവനക്കാർ പാത്രത്തിനുള്ളിലിട്ട് മർദ്ദിക്കുകയും പിന്നാലെ പുറത്തേക്ക് വലിച്ചെടുക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പാത്രത്തിന് പുറത്ത് വച്ചും യുവാവിനെ നിരവധി പേർ ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായത്.
ഭക്തർ നിക്ഷേപിക്കുന്ന പണം എടുക്കാനായാണ് യുവാവ് ബഡി ദേഗിലേക്ക് ചാടിയതെന്ന് കരുതുന്നു. യുവാവ് ബഡി ദേഗിലേക്ക് ഇറങ്ങിയതിന് പിന്നാലെ അതിന് ഉള്ളിൽ വച്ച് തന്നെ യുവാവിനെ മർദ്ദിക്കുകയും പിന്നാലെ മുകളിലേക്ക് വലിച്ച് കയറ്റുകയും ചെയ്യുന്നതും കാണാം. യുവാവിനെ പുറത്ത് എത്തിച്ചതിന് പിന്നാലെ വിശ്വാസികളും ജീവനക്കാരും കൂട്ടം ചേർന്ന് യുവാവിനെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം യുവാവിനെ മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചിലർ അവകാശപ്പെട്ടു.