‘ഈ ലോകകപ്പ് റൊണാൾഡോയ്ക്ക് സ്വന്തം’; വിശ്വകിരീടം പോർച്ചുഗൽ നേടുമെന്ന് പ്രവചിച്ച് ഘാനയിലെ പ്രശസ്ത മന്ത്രവാദി
ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ഇത്തവണ പോർച്ചുഗലിൻ്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കിരീടം നേടുമെന്ന് ഘാനയിലെ പ്രശസ്തനായ മന്ത്രവാദി നാന ക്വാകു ബോൺസത്തിന്റെ പ്രവചനം. ഈ ലോകകപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനുമുള്ളതാണെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം.
2014-ലെ ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിന് മുമ്പ് റൊണാൾഡോയ്ക്ക് പരിക്കേൽക്കാൻ താൻ മന്ത്രവാദം ചെയ്തതായി അവകാശപ്പെട്ട് ആഗോളതലത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് നാന ക്വാകു ബോൺസം. അന്ന് പോർച്ചുഗൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും റൊണാൾഡോയ്ക്ക് ടൂർണമെന്റിൽ തിളങ്ങാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ഇയാളുടെ വാക്കുകൾ വലിയ ചർച്ചയായിരുന്നു.
അടുത്തിടെ ഇംഗ്ലണ്ടിനെതിരെയുള്ള ഘാനയുടെ ലോകകപ്പ് മത്സരത്തിന് മുമ്പായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നിനെതിരെ താൻ ശാപം നൽകിയതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഹാരി കെയ്‌നിനെതിരെയുള്ള ശാപം താൻ പിൻവലിച്ചതായും, കെയ്ൻ തന്റെ ശത്രുവല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല, തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് ഹാരി കെയ്‌നിന്റെ പേര് നൽകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഈ ലോകകപ്പിൽ തുർക്കിയുടെ മോശം പ്രകടനത്തിനും കാരണം താനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഘാനയുടെ എതിരാളികളെ തളർത്താൻ താൻ ചെയ്ത ഒരു കർമ്മത്തിനിടെ തന്റെ സഹായിക്ക് അബദ്ധം പറ്റിയതിനാലാണ് ആ ശാപം തുർക്കിക്ക് ഏൽക്കാൻ കാരണമായതെന്ന വളരെ വിചിത്രമായ ഒരു വിശദീകരണവും അദ്ദേഹം ഇതിനായി നൽകി. കിരീട പോരാട്ടത്തിൽ ഇംഗ്ലണ്ടിന് നേരിയ വ്യത്യാസത്തിൽ പരാജയം നേരിടേണ്ടി വരുമെന്നും ഈ മന്ത്രവാദി പ്രവചിച്ചിട്ടുണ്ട്.