കള്ളൻ സ്റ്റേഷനകത്തോ? നാട്ടുകാർ ഏൽപ്പിച്ച 10 ലക്ഷത്തിലധികം രൂപയുടെ സ്വർണം കരിപ്പൂർ സ്റ്റേഷനിൽ നിന്ന് കാണാതായി
മലപ്പുറം: പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും വിവിധ സമയങ്ങളിലായി കണ്ടെത്തി സ്റ്റേഷനിൽ വിശ്വസിച്ച് ഏൽപ്പിച്ച 10 ലക്ഷത്തിലധികം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങൾ കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് കാണാതായി. സുരക്ഷിതമായി സൂക്ഷിക്കേണ്ട തൊണ്ടിമുതലുകൾ സ്റ്റേഷനകത്ത് നിന്ന് തന്നെ അപ്രത്യക്ഷമായത് പോലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.
2018-ന് മുൻപ് നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണമാല, ബ്രേസ്ലെറ്റ് എന്നിവയും, 2024 ഒക്ടോബറിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റ് പൊതുസ്ഥലങ്ങളിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ട് മാലകൾ, രണ്ട് കമ്മലുകൾ, ഒരു മോതിരം എന്നിവയുമാണ് കാണാതായത്. ഈ വർഷം ഫെബ്രുവരിയിലാണ് സ്വർണം കാണാനില്ലെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയും ഉന്നത അധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്തത്. എന്നാൽ, നിലവിൽ സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സ്വർണം എങ്ങോട്ട് പോയി എന്നതിൽ കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല.
പൊതുജനങ്ങൾക്കോ കള്ളന്മാർക്കോ എളുപ്പത്തിൽ കൈക്കലാക്കാൻ കഴിയാത്ത രീതിയിൽ സൂക്ഷിക്കേണ്ട ആഭരണങ്ങൾ നഷ്ടപ്പെട്ടതിന് പിന്നിൽ സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന ശക്തമായ സംശയം ഉയരുന്നുണ്ട്. കാണാതായ ആഭരണങ്ങൾ എത്രയും വേഗം ഹാജരാക്കാൻ നിലവിലെ സ്റ്റേഷൻ ചാർജ്ജുള്ള എസ്എച്ച്ഒയോട് ഉന്നത ഉദ്യോഗസ്ഥർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
അടുത്തിടെ, ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ ലഹരി മാഫിയയുമായി അവിശുദ്ധ ബന്ധം പുലർത്തിയതിന് ഈ സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഈ ലഹരി മാഫിയാ ബന്ധങ്ങൾക്ക് സ്വർണം കാണാതായതിന് പിന്നിൽ പങ്കുണ്ടോ എന്ന കാര്യവും ഡിപ്പാർട്ട്മെന്റ് ഇപ്പോൾ അന്വേഷിച്ചു വരികയാണ്. നഷ്ടപ്പെട്ട സ്വർണം തിരികെ എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥർ.