വിറപ്പിച്ച് കൊളംബിയ; പോർച്ചുഗലിന് ഗോൾരഹിത സമനില
ഗ്രൂപ്പ് K-യിലെ ആവേശപ്പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ കടന്നു. സമനിലയോടെ കൊളംബിയ 7 പോയിന്റുമായി ഒന്നാമതും പോർച്ചുഗൽ രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. നോക്കൗട്ടിൽ പോർച്ചുഗൽ ക്രൊയേഷ്യയെയും കൊളംബിയ ഘാനയെയും നേരിടും.
മത്സരത്തിലുടനീളം കടുത്ത ആക്രമണ ശൈലിയാണ് കൊളംബിയ പുറത്തെടുത്തത്. ആദ്യപകുതിയിൽ കൊളംബിയ ലക്ഷ്യത്തിലേക്ക് 6 ഷോട്ടുകൾ പായിച്ചപ്പോൾ പോർച്ചുഗലിന് 2 അവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കാനായത്. കൊളംബിയൻ താരം ജോൺ അരിയാസിന്റെ മുന്നേറ്റവും കോർദോബയുടെ ഷോട്ട് പോർച്ചുഗൽ കീപ്പർ ഡീഗോ കോസ്റ്റ തടുത്തതും മത്സരത്തിൽ നിർണായകമായി.
ആദ്യ പകുതിയുടെ അവസാനത്തോടെ ബ്രൂണോ ഫെർണാണ്ടസിലൂടെയും ജാവോ ഫെലിക്സിലൂടെയും പോർച്ചുഗൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും കൊളംബിയൻ കീപ്പർ കാമിലോ വർഗാസ് രക്ഷകനായി. 90-ാം മിനിറ്റിൽ കൊളംബിയ വലകുലുക്കിയെങ്കിലും ‘വാർ’ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെടുകയായിരുന്നു. ഇരു ടീമുകളുടെയും ഗോൾകീപ്പർമാരുടെ മികച്ച പ്രകടനമാണ് മത്സരം സമനിലയിലാക്കിയത്.