പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; സിപിഎം പ്രവർത്തകനെതിരെ കേസ്
കോഴിക്കോട്: മുസ്‌ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല പദപ്രയോഗങ്ങളോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് വടകരയ്ക്ക് സമീപം കുഞ്ഞിപ്പള്ളി സ്വദേശിയായ നടുച്ചാലിൽ അഫ്നാസിനെതിരെയാണ് ചോമ്പാല പോലീസ് കലാപാഹ്വാന കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.
‘നമ്മൾ രാഷ്ട്രീയം പറയും’ എന്ന പേരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശിഹാബ് തങ്ങളുടെ ചിത്രം ഒരു സ്ത്രീയോടൊപ്പം നിൽക്കുന്ന രീതിയിൽ മോർഫ് ചെയ്ത് പ്രതി പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളും ഇയാൾ നടത്തിയിരുന്നു. തുടർന്ന് വാട്‌സ്ആപ്പ് സന്ദേശം ശ്രദ്ധയിൽപ്പെട്ട മുസ്‌ലിം ലീഗ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അടിയന്തര നടപടി സ്വീകരിച്ചത്. സജീവ സിപിഎം പ്രവർത്തകനായ അഫ്നാസ് മറ്റ് പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.