‘അന്ധവിശ്വാസം വെറുമൊരു തെറ്റിദ്ധാരണയല്ല, അത് ഭയം സൃഷ്ടിച്ച് മനസ്സിനെ കീഴടക്കും’: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: അന്ധവിശ്വാസങ്ങൾ കേവലം തെറ്റിദ്ധാരണകളല്ലെന്നും, അവ ഭയം സൃഷ്ടിച്ച് മനുഷ്യന്റെ മനസ്സിനെ പൂർണ്ണമായും കീഴടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കീ ബാത്തി’ൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസത്തിൽ കുടുങ്ങിക്കിടക്കുന്നവർ യുക്തിക്കും സത്യത്തിനും നിരക്കാത്ത തീരുമാനങ്ങളെടുക്കുമെന്നും, പിന്നീട് അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരെ അസമിലെ സ്ത്രീകൾ മുന്നോട്ടുവന്നത് പ്രധാനമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. അസമിൽ അപൂർവ്വമായി കാണപ്പെടുന്ന ‘ഹർഗില’ പക്ഷികളെ നാട്ടുകാർ അശുഭകരമായാണ് കരുതിയിരുന്നത്. ഇവയുടെ കൂടുള്ള മരങ്ങൾ പോലും വെട്ടിമാറ്റിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ജൈവശാസ്ത്രജ്ഞയായ പൂർണിമാ ദേവി ബർമൻ ഗ്രാമത്തിലെ സ്ത്രീകൾക്കിടയിൽ നടത്തിയ നിരന്തര ബോധവൽക്കരണത്തിലൂടെ വലിയ മാറ്റമുണ്ടാക്കാൻ സാധിച്ചു. പരിസ്ഥിതിയെ വൃത്തിയാക്കാൻ സഹായിക്കുന്ന ഈ പക്ഷി ഇന്ന് ആ ഗ്രാമങ്ങളിൽ ശുഭസൂചകമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, സ്വർണ്ണം വാങ്ങുന്നതും വിദേശയാത്രകളും കുറയ്ക്കാനും ഇന്ധനം ലാഭിക്കാൻ കാർ പൂളിങ് ശീലമാക്കാനുമുള്ള തന്റെ മുൻ അഭ്യർത്ഥനകൾ ജനങ്ങൾ ഏറ്റെടുത്തതിൽ അദ്ദേഹം നന്ദി അറിയിച്ചു. കൂടാതെ, രാസവസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കി പ്രകൃതിദത്ത വളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യാനും വയലുകൾ സംരക്ഷിക്കാനുമുള്ള ആഹ്വാനത്തിന് കർഷകരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന ഗണേശോത്സവത്തിന് വിഗ്രഹങ്ങൾ വാങ്ങുമ്പോൾ നമ്മുടെ രാജ്യത്തെ മണ്ണുകൊണ്ട് ഇന്ത്യയിൽ തന്നെ നിർമ്മിച്ചവയാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.