22/07/2026
[fontresizer_tawhidurrahmandear_widget]

സിബിഎസ്ഇയെ വിറപ്പിച്ച 17കാരൻ കേന്ദ്ര സർക്കാരിനെതിരെ; 1.66 കോടി രേഖകൾ പുറത്തുവിട്ട് സാർത്ഥക് സിദ്ധാന്ത്!

 സിബിഎസ്ഇയെ വിറപ്പിച്ച 17കാരൻ കേന്ദ്ര സർക്കാരിനെതിരെ; 1.66 കോടി രേഖകൾ പുറത്തുവിട്ട് സാർത്ഥക് സിദ്ധാന്ത്!

ന്യൂഡൽഹി: സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിലെ അഴിമതിയും ടെൻഡർ ക്രമക്കേടുകളും ഒറ്റയ്ക്ക് പോരാടി പുറത്തുകൊണ്ടുവന്ന റാഞ്ചി സ്വദേശിയായ കൗമാരക്കാരൻ സാർത്ഥക് സിദ്ധാന്ത് വീണ്ടും ദേശീയ ശ്രദ്ധയിൽ. രാജ്യത്തെ പൊതു ടെൻഡറുകളിലും സർക്കാർ കരാറുകളിലും സുതാര്യത ഉറപ്പാക്കാനായി 1.66 കോടി ഔദ്യോഗിക രേഖകൾ ക്രോഡീകരിച്ച ഓപൺ സോഴ്‌സ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് ഈ 17കാരൻ.

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ‘സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ്'(സിപിപി) പോർട്ടലിൽനിന്നു കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ശേഖരിച്ച കോടിക്കണക്കിന് ഡാറ്റയാണ് സാർത്ഥക് തന്റെ പുതിയ പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് പരിശോധിക്കാനായി ലഭ്യമാക്കിയിരിക്കുന്നത്. ‘സുതാര്യത എല്ലാവർക്കും പ്രാപ്യമാകണം. ഇന്നുമുതൽ അത് സാധ്യമാണ്,’ എന്നാണ് വെബ്‌സൈറ്് വിവരങ്ങൾ പുറത്തുവിട്ട് ഈ പ്ലസ് ടു വിദ്യാർത്ഥി എക്‌സിൽ കുറിച്ചത്.

സാർത്ഥകിന്റെ പുതിയ ഇടപെടൽ: 1.66 കോടി രേഖകളുടെ ഡിജിറ്റൽ ശേഖരം

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും നടത്തുന്ന എല്ലാത്തരം വാങ്ങലുകളും കരാറുകളും രേഖപ്പെടുത്തുന്ന ഔദ്യോഗിക പ്ലാറ്റ്ഫോമാണ് സെൻട്രൽ പബ്ലിക് പ്രൊക്യൂർമെന്റ് പോർട്ടൽ. രാജ്യം ചെലവഴിക്കുന്ന ഓരോ നികുതിപ്പണത്തിന്റെയും കണക്കുകൾ ഇതിലൂടെ കടന്നുപോകേണ്ടതുണ്ട്. എന്നാൽ, സാങ്കേതികമായ സങ്കീർണതകൾ കാരണം സാധാരണക്കാർക്കോ മാധ്യമപ്രവർത്തകർക്കോ ഈ സൈറ്റിൽനിന്ന് വിവരങ്ങൾ എളുപ്പത്തിൽ വിശകലനം ചെയ്യുക അസാധ്യമായിരുന്നു. ഈ പ്രതിസന്ധിക്കാണ് സാർത്ഥക് സിദ്ധാന്ത് പരിഹാരം കണ്ടിരിക്കുന്നത്.

വെറും രണ്ട് ആഴ്ചത്തെ കഠിനാധ്വാനം കൊണ്ട് ഒരു ‘ഹൈ-ത്രൂപുട്ട് സ്‌ക്രാപ്പർ'(വെബ്‌സൈറ്റുകളിൽനിന്ന് വലിയ തോതിൽ വിവരങ്ങൾ വേഗത്തിൽ ശേഖരിക്കാനുള്ള പ്രോഗ്രാം) സ്വന്തമായി വികസിപ്പിച്ചാണ് സാർത്ഥക് ഈ ദൗത്യം പൂർത്തിയാക്കിയത്. സിപിപി പോർട്ടലിലെ ലക്ഷക്കണക്കിന് പേജുകളിലൂടെ ഈ പ്രോഗ്രാം കടന്നുപോവുകയും, അവിടെ ചിതറിക്കിടന്നിരുന്ന ഡാറ്റ മുഴുവൻ കൃത്യമായി ക്രോഡീകരിക്കുകയും ചെയ്തു.

ഇതിന്റെ ഫലമായി 88 ലക്ഷത്തിലധികം പ്രധാന റെക്കോർഡുകൾ അടങ്ങിയ രണ്ട് ഫ്‌ലാറ്റ് എസ്‌ക്യുഎൽലൈറ്റ്(SQLite) ഡാറ്റാബേസുകൾ സാർത്ഥക് നിർമിച്ചു. സർക്കാർ ടെൻഡർ വിളിക്കുന്നത് മുതലുള്ള പ്രാരംഭ അറിയിപ്പുകൾ, അതിൽ പങ്കെടുത്ത കമ്പനികൾ, ഒടുവിൽ കരാർ സ്വന്തമാക്കിയവർ എന്നിവയുൾപ്പെടെയുള്ള എല്ലാ വിവരങ്ങളും അടങ്ങിയ ഒരു കോടി 66 ലക്ഷം ഫയലുകളാണ് ഈ ഓപൺ സോഴ്‌സ് സൈറ്റിൽ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.

ഈ ഡാറ്റാബേസിന്റെ പ്രാധാന്യത്തെക്കുറിച്ച് സാർത്ഥക് എക്‌സിൽ വ്യക്തമാക്കിയത് ഇങ്ങനെയാണ്: ‘സർക്കാർ ചെലവഴിക്കുന്ന ഓരോ രൂപയും ഒരു ടെൻഡറിലൂടെയാണ് കടന്നുപോകുന്നത്. ഒരു നോട്ടീസ് പ്രസിദ്ധീകരിക്കുന്നു, ലേലം വിളിക്കുന്നു, വിജയിയെ തിരഞ്ഞെടുക്കുന്നു, കരാർ ഒപ്പിടുന്നു. ഈ പ്രക്രിയ സിദ്ധാന്തത്തിൽ പൊതുജനധനത്തിന്റെ പ്രതിരോധ സംവിധാനമാണ്. എന്നാൽ, പ്രയോഗത്തിൽ, വൻകിട അഴിമതികൾ ആരും കാണാതെ നിശബ്ദമായി നടക്കുന്നത് ഇതേ ടെൻഡർ പ്രക്രിയകളിലാണ്.’

മാധ്യമപ്രവർത്തകർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഗവേഷകർ, നിക്ഷേപകർ, അഭിഭാഷകർ, കരാറുകാർ, സാധാരണ പൗരന്മാർ എന്നിവർക്കെല്ലാം ഈ ഡാറ്റ പൂർണമായും സൗജന്യമായി ഡൗൺലോഡ് ചെയ്യാനും സ്വതന്ത്രമായി വിശകലനം ചെയ്യാനും സാധിക്കും. ഈ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിലൂടെ ഭരണനിർവഹണത്തിൽ കൂടുതൽ പൊതു ഉത്തരവാദിത്തം ഉറപ്പാക്കാൻ കഴിയുമെന്നാണ് സാർത്ഥക് പ്രതീക്ഷിക്കുന്നത്.

ഒരു മാർക്ക് കുറവിൽനിന്ന് തുടങ്ങിയ വലിയ പോരാട്ടം

2025-26 അധ്യയന വർഷത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 17 ലക്ഷം വിദ്യാർത്ഥികളിൽ ഒരാളായിരുന്നു സാർത്ഥക്. ഫലം വന്നപ്പോൾ തന്റെ പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് കണ്ട് അമ്പരന്ന സാർത്ഥക്, പുനഃപരിശോധനയ്ക്കായി ഡിജിറ്റൽ ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്ത പകർപ്പ് ആവശ്യപ്പെട്ടു. എന്നാൽ, ലഭിച്ച പകർപ്പുകളിൽ പല പേജുകളും അവ്യക്തവും ചില പേജുകൾ പൂർണമായി അപ്രത്യക്ഷമായതുമായിരുന്നു. പല ഉത്തരങ്ങളും മൂല്യനിർണയം നടത്താതെയാണ് മാർക്കിട്ടിരുന്നത്.

ഇതോടെ സിബിഎസ്ഇ ഡിജിറ്റൽ മൂല്യനിർണയത്തിനായി ഉപയോഗിച്ച ‘ഓൺ-സ്‌ക്രീൻ മാർക്കിങ്'(ഒഎസ്എം) സംവിധാനത്തിന്റെ സാങ്കേതികതയെക്കുറിച്ച് അവൻ അന്വേഷിക്കാൻ തുടങ്ങി. സിബിഎസ്ഇ ഇതിനായി ഇറക്കിയ ടെൻഡർ രേഖകളും വിവിധ ഘട്ടങ്ങളിലെ ലേല പ്രക്രിയകളും ഈ പതിനേഴുകാരൻ ആഴത്തിൽ വിശകലനം ചെയ്തു.

തന്റെ നിരീക്ഷണങ്ങൾ കോർത്തിണക്കി സാർത്ഥക് എഴുതിയ വിശദമായ ബ്ലോഗ് പോസ്റ്റ് രാജ്യത്ത് വലിയ ചർച്ചയായി മാറി. യോഗ്യതാ മാനദണ്ഡങ്ങളിൽ വരുത്തിയ അനാവശ്യ മാറ്റങ്ങൾ, ചില കമ്പനികളെ സഹായിക്കാനായി സർട്ടിഫിക്കേഷൻ നിയമങ്ങളിൽ വരുത്തിയ ഇളവുകൾ എന്നിവയടക്കം കോടികളുടെ ടെൻഡർ അഴിമതിയാണ് അവൻ വെളിച്ചത്തുകൊണ്ടുവന്നത്.

തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ, സിബിഎസ്ഇ കരാർ നൽകിയ കമ്പനിക്ക് മുൻപ് തെലങ്കാനയിൽ ഇതേ ഡിജിറ്റൽ മൂല്യനിർണയ സംവിധാനം നടപ്പിലാക്കി പരാജയപ്പെട്ട ചരിത്രമുണ്ടെന്ന് സാർത്ഥക് കണ്ടെത്തി. അന്ന് തെലങ്കാനയിൽ മാർക്ക് നിർണയത്തിലെ പിഴവുകൾ കാരണം എട്ട് വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്. ഈ ഗുരുതരമായ പശ്ചാത്തലം നിലനിൽക്കെയാണ് സിബിഎസ്ഇ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി ഈ കമ്പനിക്ക് കോടികളുടെ കരാർ നൽകിയത്. ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ വലിയ ജനരോഷം ഉയരുകയും, സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ കേന്ദ്ര സർക്കാർ സ്ഥാനങ്ങളിൽ നിന്ന് നീക്കി അവരുടെ മാതൃ കേഡറുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

ഒരു സാധാരണ വിദ്യാർത്ഥിയിൽനിന്ന് തുടങ്ങിയ ഈ നീക്കം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഏറ്റെടുത്തു. രാഹുൽ ഗാന്ധി സാർത്ഥകിനെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ചെയ്തു. ഒടുവിൽ രാജ്യത്തെ വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ നേരിട്ട് ഹാജരായി തന്റെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ സാർത്ഥകിന് ക്ഷണം ലഭിച്ചു.

Also read: