23/07/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങളുടെ ജലം കൈക്കലാക്കാൻ നോക്കുന്നവരുടെ കൈകൾ വെട്ടിമാറ്റും’; സിന്ധു നദീജല കരാറിൽ ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്താൻ

 ‘ഞങ്ങളുടെ ജലം കൈക്കലാക്കാൻ നോക്കുന്നവരുടെ കൈകൾ വെട്ടിമാറ്റും’; സിന്ധു നദീജല കരാറിൽ ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്താൻ

ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് പാകിസ്താന്‍. കരാര്‍ പ്രകാരം പാകിസ്താന് അര്‍ഹതപ്പെട്ട ജലം കൈക്കലാക്കാന്‍ ശ്രമിക്കുന്നവരുടെ കൈകള്‍ വെട്ടിമാറ്റുമെന്ന് പാക് മന്ത്രി മുസാദിക് മാലിക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ഭരണകൂടം പാകിസ്ഥാനിലേക്കുള്ള ജല അവകാശത്തിനുമേല്‍ ഏകപക്ഷീയമായ നിയന്ത്രണം കൈയാളുകയാണെന്നും, പാകിസ്ഥാന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയായാല്‍ ഇന്ത്യ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

2025 ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് 1960-ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. 26 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ പാക് പിന്തുണയുള്ള ഭീകരരാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നതുവരെ ലോകബാങ്ക് മധ്യസ്ഥത വഹിച്ച ഈ കരാര്‍ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. 2028 ജൂണോടെ പാകിസ്ഥാനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് പൂര്‍ണമായും തടയാനാകുമെന്ന് ഇന്ത്യ വ്യക്തമാക്കിയതാണ് നിലവില്‍ പാകിസ്ഥാനെ ചൊടിപ്പിച്ചിരിക്കുന്നത്.

കരാര്‍ ലംഘനങ്ങള്‍ക്കെതിരെ യുഎന്‍ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ നേരത്തെ ഔദ്യോഗികമായി കത്തയച്ചിരുന്നു. സിന്ധു നദീവ്യവസ്ഥയിലെ ഏകദേശം 80 ശതമാനം ജലവും ലഭിക്കുന്നത് പാകിസ്ഥാനാണ്. നിലവില്‍ കടുത്ത ജലക്ഷാമം നേരിടുന്ന പാകിസ്ഥാന്റെ കൃഷിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഈ ജലം നിര്‍ണായകമാണ്. ജലമൊഴുക്ക് തടസ്സപ്പെടുന്നത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ തീരുമാനത്തെ പാകിസ്ഥാന്‍ ശക്തമായി എതിര്‍ക്കുകയാണ്.

Also read: