22/07/2026
[fontresizer_tawhidurrahmandear_widget]

കനത്തമഴയെ തുടർന്ന് യുഎസിൽ മിന്നൽപ്രളയം; ഇന്ത്യക്കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

 കനത്തമഴയെ തുടർന്ന് യുഎസിൽ മിന്നൽപ്രളയം; ഇന്ത്യക്കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

വാഷിങ്ടൺ: യുഎസിലെ കാൻസസിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഐടി പ്രൊഫഷനലായ ഇന്ത്യക്കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. ആന്ധ്രാപ്രദേശ് ബാപറ്റ്‌ല സ്വദേശിയായ വെങ്കിടേഷ് ദൊപ്പലൗഡിയെയാണ് മരിച്ച നിലയിൽക്കണ്ടെത്തിയത്. യുഎസിലെ ഒമാഹ, നെബ്രാസ്‌കയിൽ താമസിച്ചിരുന്ന വെങ്കിടേഷ് എച്ച് വൺബി വിസയിലാണ് അവിടെ ജോലി ചെയ്തിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഹൂസ്റ്റണിൽ നിന്ന് വടക്കോട്ട് സ്വന്തം വാഹനത്തിൽ മടങ്ങുന്നതിനിടെയാണ് സൗത്ത്‌സെൻട്രൽ കാൻസസിലുണ്ടായ കനത്ത കൊടുങ്കാറ്റിലും പ്രളയത്തിലും വെങ്കിടേഷ് അകപ്പെടുന്നത്. കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വലിയ രീതിയിൽ വെള്ളം ഉയരുകയായിരുന്നു.

കാൻസസിലെ വെല്ലിംഗ്ടണിനടുത്തുള്ള സൗത്ത് ഒലിവർ റോഡിലെ പാലത്തിന് സമീപം ഒരാൾ സഞ്ചരിച്ചിരുന്ന കാർ വെള്ളത്തിൽ മുങ്ങിപ്പോകുന്നത് കണ്ട ദൃക്‌സാക്ഷികളാണ് വിവരം പോലീസിലും കൺട്രോൾ റൂമിലും അറിയിച്ചത്. അടിയന്തര രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും പ്രളയജലത്തിന്റെ ശക്തമായ ഒഴുക്ക് കാരണം ആദ്യഘട്ടത്തിൽ വെള്ളത്തിലിറങ്ങി തിരച്ചിൽ നടത്താൻ ഫയർഫോഴ്‌സ് സംഘത്തിന് സാധിച്ചില്ല. ശനിയാഴ്ച വൈകുന്നേരത്തോടെ വെങ്കിടേഷ് സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയെങ്കിലും ശക്തമായ ഒഴുക്കിൽ വെങ്കിടേഷ് ഒലിച്ചുപോയതിനാൽ രാത്രിയോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. തുടർന്ന് ഞായറാഴ്ച രാവിലെ കാൻസസ് ഹൈവേ പട്രോളിന്റെ എയർ യൂണിറ്റും ഡ്രോണുകളും വിവിധ സുരക്ഷാ ഏജൻസികളും സംയുക്തമായി നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് വാഹനം ഒഴുക്കിൽപ്പെട്ട ഒലിവർ റോഡിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെടുത്തത്.

വെങ്കിടേഷിനെ കാണാതായതോടെ ആന്ധ്രയിലുള്ള പിതാവ് ദൊപ്പലൗഡി റാംബാബുവും കുടുംബവും വലിയ ആശങ്കയിലായിരുന്നു. വിവരങ്ങളൊന്നും ലഭ്യമാകാത്തതിനെത്തുടർന്ന് ഇവർ എംഎൽഎ എലൂരി സാംബശിവറാവു മുഖേന കേന്ദ്രസംസ്ഥാന മന്ത്രിമാരായ രാംമോഹൻ നായിഡു, പെമ്മസാനി ചന്ദ്രശേഖർ, നാര ലോകേഷ് എന്നിവരുമായി ബന്ധപ്പെടുകയും യുഎസ് എംബസിയുടെ അടിയന്തര സഹായം തേടുകയും ചെയ്തിരുന്നു.

വെങ്കിടേഷിന്റെ ആകസ്മിക വിയോഗത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം അറിയിച്ചു. വെങ്കിടേഷിന്റെ കുടുംബാംഗങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള ആവശ്യമായ എല്ലാ നിയമപരമായ നടപടികൾക്കും സഹായങ്ങൾക്കുമായി ബന്ധപ്പെട്ട് വൃത്തങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

Also read: