22/07/2026
[fontresizer_tawhidurrahmandear_widget]

‘എഥനോൾ വാഹനങ്ങളിൽ മൈലേജ് കുറയ്ക്കും’; ഒടുവിൽ സമ്മതിച്ച് കേന്ദ്രം

 ‘എഥനോൾ വാഹനങ്ങളിൽ മൈലേജ് കുറയ്ക്കും’; ഒടുവിൽ സമ്മതിച്ച് കേന്ദ്രം

ന്യൂഡൽഹി: ഇന്ധനത്തിൽ 20 ശതമാനം എഥനോൾ കലർത്തിയ ‘ഇ20 പെട്രോൾ’ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് അല്പം കുറയാൻ സാധ്യതയുണ്ടെന്നും എന്നാൽ മൈലേജ് കുറയുന്നതിന് മറ്റ് പല കാരണങ്ങളും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കുന്നത് വഴി വാഹനങ്ങളുടെ ആക്‌സിലറേഷൻ മികച്ചതാകുമെന്നും എഞ്ചിൻ നോക്കിംഗ് കുറയുമെന്നും റേസിങ് കാറുകളിൽ പോലും എഥനോൾ ഉപയോഗിക്കാറുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ്, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവരുൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായും ആലോചിച്ച ശേഷമാണ് രാജ്യം ഇ20 പെട്രോൾ നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ20 പെട്രോൾ ഉപയോഗിച്ചാൽ വാഹനങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഇൻഷുറൻസ് കമ്പനികൾ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ ഇ20 ഇന്ധനത്തിൽ നിന്ന് 25 ശതമാനം എഥനോൾ അടങ്ങിയ ഇ25 പെട്രോളിലേക്ക് രാജ്യം മാറുകയാണെങ്കിൽ, അത് ആവശ്യമായ എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം മാത്രമേ നടപ്പിലാക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ഇന്ധന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ, ബയോഫ്യുവൽ വാഹനങ്ങൾ, ഹൈബ്രിഡ്, സിഎൻജി വാഹനങ്ങൾ എന്നിവയ്‌ക്കെല്ലാം ഒരുമിച്ച് മുന്നോട്ട് പോകാനുള്ള ഇടമുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

എഥനോളിന് പെട്രോളിനേക്കാൾ ഊർജസാന്ദ്രത കുറവായതിനാലാണ് മൈലേജിൽ ചെറിയ കുറവുണ്ടാകുന്നത്. പുതിയ വാഹനങ്ങൾ ഇ20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് എങ്കിലും, 2023ന് മുൻപ് നിർമ്മിച്ച പഴയ വാഹന ഉടമകൾക്കിടയിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വഴി മൈലേജ് പത്ത് ശതമാനത്തിലധികം കുറയുന്നതായും എഞ്ചിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്. എങ്കിലും, എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് വഴി രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് വൻതോതിൽ കുറയ്ക്കാനും കർഷകരെ സഹായിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സാധിക്കുമെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ നിലപാട്.

Also read: