ഒന്നിലധികം വോട്ടർ ഐ.ഡി കൈവശം വച്ചെന്ന കേസ്; നടൻ പ്രകാശ് രാജിന് ജാമ്യം
ബെംഗളൂരു: വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന കേസിൽ പ്രമുഖ നടൻ പ്രകാശ് രാജിന് ബെംഗളൂരു എസിജെഎം കോടതി ജാമ്യം അനുവദിച്ചു. കേസിൽ മുൻപ് അയച്ച സമൻസുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ പ്രകാശ് രാജ് ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. മുൻപ് അയച്ച നോട്ടീസുകളൊന്നും തനിക്ക് നേരിട്ട് ലഭിച്ചിരുന്നില്ലെന്നും വാർത്തകളിലൂടെയാണ് വിവരമറിഞ്ഞതെന്നുമുള്ള അഭിഭാഷകന്റെ വാദം പരിഗണിച്ച കോടതി വാറണ്ട് പിൻവലിക്കുകയും 4000 രൂപയുടെ വ്യവസ്ഥയിൽ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.
കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡി കാർഡുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ. ദിലീപ് കുമാർ 2019-ൽ നൽകിയ പരാതിയിലാണ് ഇപ്പോൾ കോടതി നടപടിയുണ്ടായിരിക്കുന്നത്. ബെംഗളൂരുവിലെ ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനിൽ ആദ്യം പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടാകാത്തതിനെ തുടർന്ന് ഇദ്ദേഹം സിറ്റി പോലീസ് കമ്മീഷണർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.
അവിടെ നിന്നും പ്രതികരണങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം രാജ്യത്ത് ഒരാൾക്ക് ഒരു സ്ഥലത്ത് മാത്രമേ വോട്ടറായി രജിസ്റ്റർ ചെയ്യാൻ സാധിക്കൂ എന്നിരിക്കെയാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഹാജരായില്ലെങ്കിൽ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന ഘട്ടത്തിലാണ് പ്രകാശ് രാജ് കോടതിയിൽ നേരിട്ടെത്തി ജാമ്യം നേടിയത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനകളും പുരോഗമിക്കുകയാണ്.