‘ഒരു ക്യാൻ കോള കുടിച്ചാൽ ആയുസ്സിലെ 12 മിനിറ്റ് നഷ്ടമാകും’; പഠന റിപ്പോർട്ട് പുറത്ത്
വാഷിങ്ടൺ: ഒരു ക്യാൻ കോള കുടിച്ചാൽ ആയുസ്സിലെ 12 മിനിറ്റ് കുറയുമെന്ന് പഠന റിപ്പോർട്ട്. അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിലെ ഗവേഷകർ പ്രശസ്ത ശാസ്ത്ര മാസികയായ നേച്ചർ ഫുഡിൽ പ്രസിദ്ധീകരിച്ച പഠനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് പുറത്തുവന്നത്. അമേരിക്കക്കാരുടെ അയ്യായിരത്തിലധികം ഭക്ഷണങ്ങളും പാനീയങ്ങളെയും നിരീക്ഷിച്ചുകൊണ്ട് ഹെൽത്ത് ന്യൂട്രീഷണൽ ഇൻഡക്സ് എന്ന സൂചികയുടെ സഹായത്തോടെയാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. എന്നാൽ അന്താരാഷ്ട്ര വസ്തുതാ പരിശോധനാ സംഘടനകളും ആരോഗ്യ വിദഗ്ധരും വ്യക്തമാക്കുന്നത് അനുസരിച്ച്, ഒരു വ്യക്തിയുടെ ആകെ ആയുസ്സിൽ നിന്നല്ല ഈ സമയം കുറയുന്നത്, പകരം രോഗങ്ങളില്ലാതെ പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാനാകുന്ന ജീവിതദൈർഘ്യത്തിൽ നിന്നാണ്.
വലിയൊരു ജനവിഭാഗത്തിന്റെ ഭക്ഷണശീലങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ ഒരു പൊതുവായ സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ മാത്രമാണിത്. ഓരോ വ്യക്തിയുടെയും ജനിതകഘടന, വ്യായാമം, മറ്റു ജീവിതശൈലികൾ എന്നിവയ്ക്കനുസരിച്ച് ഇതിന്റെ ആഘാതത്തിൽ വ്യത്യാസങ്ങൾ വരാം. ആളുകളെ ഭയപ്പെടുത്തുന്നതിനേക്കാൾ, ദൈനംദിന ഭക്ഷണക്രമത്തിൽ വരുത്തേണ്ട ആരോഗ്യകരമായ മാറ്റങ്ങളെക്കുറിച്ച് അവബോധം നൽകുകയാണ് ഈ പഠനം പ്രധാനമായും ലക്ഷ്യമിടുന്നത്.
ലോകാരോഗ്യ സംഘടനയും അമേരിക്കൻ ഹാർട്ട് അസോസിയേഷനും ചൂണ്ടിക്കാണിക്കുന്നത് പ്രകാരം, ഇത്തരം കാർബണേറ്റഡ് പാനീയങ്ങളിലെ അമിതമായ പഞ്ചസാരയുടെ അളവാണ് വില്ലനാകുന്നത്. ഇവയുടെ പതിവായ ഉപയോഗം അമിതവണ്ണം, ടൈപ്പ്2 പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും അതുവഴി മനുഷ്യന്റെ ആരോഗ്യകരമായ ആയുസ്സ് കുറയ്ക്കുകയും ചെയ്യുന്നു എന്ന വസ്തുത ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്.