22/07/2026
[fontresizer_tawhidurrahmandear_widget]

‘മതത്തിന്റെ പേരിൽ ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ല’: മദ്രാസ് ഹൈക്കോടതി

 ‘മതത്തിന്റെ പേരിൽ ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ല’: മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതവിശ്വാസത്തിന്റെയോ ആചാരങ്ങളുടെയോ പേരിൽ ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം പൊതുജനാരോഗ്യത്തിന് വിധേയമാണെന്നും കോടതി വ്യക്തമാക്കി. താമിരഭരണി നദിയിൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി വൻതോതിൽ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നിക്ഷേപിക്കുന്നതിനെതിരെയുള്ള ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജി.ആർ സ്വാമിനാഥൻ, ബി. പുകഴേന്തി എന്നിവരടങ്ങിയ മധുര ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം. ജൂലൈ 9-നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

വിശ്വാസികൾക്ക് ആത്മീയ ആചാരങ്ങൾ അനുഷ്ഠിക്കാമെങ്കിലും, അവ പരിസ്ഥിതിക്ക് ദോഷം വരുത്തുകയോ മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുകയോ ചെയ്യരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. തിരുനെൽവേലിയിലെ ഒരു മണ്ഡപവുമായി ബന്ധപ്പെട്ട് ഉയർന്ന നിയമനടപടികൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി ഇടപെടൽ.

താമിരഭരണി നദിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകൾ ഭയാനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവർത്തകനായ മൂർത്തി നൽകിയ വിവരങ്ങൾ പ്രകാരം പ്രതിദിനം ഒരു ടണ്ണോളം വസ്ത്രങ്ങളാണ് നദിയിൽ നിക്ഷേപിക്കുന്നത്. മെയ് മാസത്തിൽ നടന്ന ശുചീകരണത്തിലൂടെ 86 മുതൽ 90 ടൺ വരെ വസ്ത്രങ്ങളാണ് നദിയിൽ നിന്ന് നീക്കം ചെയ്തത്. ഇതിനുപുറമെ 1,385 കിലോഗ്രാം പ്ലാസ്റ്റിക്, 374 കിലോഗ്രാം സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളും, 220 കിലോഗ്രാം ഗ്ലാസ് കുപ്പികൾ, 115 കിലോഗ്രാം ചെരിപ്പുകൾ എന്നിവയും കണ്ടെടുത്തു.

നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകൂടുന്ന പോളീസ്റ്റർ വസ്ത്രങ്ങൾ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുമെന്നും, ഇവയിൽ കുടുങ്ങി ഇന്ത്യൻ ബ്ലാക്ക് ആമകളും ഫ്ലാപ്ഷെൽ ആമകളും ശ്വാസം മുട്ടി മരിക്കാൻ ഇടയുണ്ടെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.

വിഷയത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒരു വലിയ വിഭാഗം ഹിന്ദുക്കളുടെ മതവിശ്വാസങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ കോടതി നിലവിൽ നിരോധന ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അന്തിമ ഉത്തരവിന് മുൻപ് മതസംഘടനകൾക്കും സാമൂഹിക പ്രവർത്തകർക്കും വാദങ്ങൾ ബോധിപ്പിക്കാൻ അവസരം നൽകിയ കോടതി, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: