30/07/2026
[fontresizer_tawhidurrahmandear_widget]

ഗുഡ്കയും പാൻമസാലയും വിറ്റു; ഭിന്നശേഷിക്കാരനെ പോലീസ് കസ്റ്റഡിയിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി

 ഗുഡ്കയും പാൻമസാലയും വിറ്റു; ഭിന്നശേഷിക്കാരനെ പോലീസ് കസ്റ്റഡിയിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി

ചെന്നൈ: നിരോധിത പുകയില ഉൽപന്നങ്ങളായ ഗുഡ്കയും പാൻമസാലയും വിറ്റതിന് അറസ്റ്റിലായ ഭിന്നശേഷിക്കാരനായ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. തമിഴ്‌നാട് നാഗർകോവിൽ സ്വദേശിയായ ശബരിവർമൻ (35) കാരനെ പോലീസ് സബ് ജയിലിൽ വെച്ച് മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തിയതിന് ഇയാളെ മുമ്പും പോലീസ് പിടികൂടിയിരുന്നു.

യുവാവിന്റേത് കസ്റ്റഡി മരണമാണെന്നും പോലീസും ജയിൽ അധികൃതരും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റ് ചെയ്യുമ്പോൾ പൂർണ്ണ ആരോഗ്യവാനായിരുന്ന ശബരിവർമന്റെ ശരീരത്തിൽ പത്തൊൻപതോളം മുറിവുകളും ചതവുകളും ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. മൃതദേഹം കണ്ട ദൃക്‌സാക്ഷികളും ശരീരത്തിൽ അക്രമിച്ചതിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. മരണ കാരണം കണ്ടെത്താൻ ജയിലിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിച്ചതിൽ നിന്നും ജയിൽ ജീവനക്കാർക്കും സഹതടവുകാർക്കും മർദനത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് ജയിൽ വാർഡൻമാരെയും ചില തടവുകാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ കസ്റ്റഡി സംഭവത്തെ തുടർന്ന് പ്രതിപക്ഷമായ ഡി.എം.കെ, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. ആഭ്യന്തര വകുപ്പും പോലീസും നിയന്ത്രിക്കുന്ന മുഖ്യമന്ത്രി വിജയ് ഈ വിഷയത്തിൽ വ്യക്തമായ മറുപടി നൽകണമെന്ന് ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യുമ്പോൾ ആരോഗ്യവാനായിരുന്ന യുവാവ് ജയിലിൽ എത്തിയപ്പോൾ അസുഖം ബാധിച്ച് മരിച്ചെന്നാണ് പോലീസ് പറയുന്നതെന്നും എന്നാൽ ക്രൂരമായ മർദനമേറ്റാണ് മരണമെന്ന് ശരീരത്തിലെ പരിക്കുകൾ തെളിയിക്കുന്നുവെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.

ഭിന്നശേഷിക്കാരനായ ഒരു സാധാരണക്കാരനെ പോലീസ് മർദിച്ച് കൊലപ്പെടുത്തിയപ്പോൾ, സമാനമായ രീതിയിൽ ഗുഡ്ക കേസിൽ പെട്ട ഭരണകക്ഷിയായ ടി.വി.കെ പാർട്ടിയുടെ ഒരു ഭാരവാഹിക്ക് അറസ്റ്റിലായ അതേ ദിവസം തന്നെ സ്‌റ്റേഷൻ ജാമ്യം ലഭിച്ചതായും ഉദയനിധി ആരോപിച്ചു. സാധാരണക്കാരന് ഒരു നിയമവും ഭരണകക്ഷി നേതാക്കൾക്ക് മറ്റൊരു നിയമവും എന്ന പോലീസിന്റെ ഇരട്ടത്താപ്പ് തികച്ചും അപലപനീയമാണെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: