അലഞ്ഞു തിരിയുന്ന പശുക്കൾക്ക് ദിവസവും ചപ്പാത്തി നൽകും; യുവതിയുടെ നല്ലമനസിന് പണം വാങ്ങാതെ അഭിനന്ദിച്ച് ഡെലിവറി ബോയ്
ന്യൂഡൽഹി: മിണ്ടാ പ്രാണികളോടുള്ള യുവതിയുടെ സ്നേഹത്തിന് ഡെലിവറി ബോയിയുടെ സ്നേഹാദരം. ക്ഷേത്ര പരിസരത്ത് അലഞ്ഞുതിരിയുന്ന പശുക്കൾക്ക് എന്നും ഭക്ഷണം നൽകിയിരുന്ന യുവതി അടിയന്തര ആവശ്യത്തിനായി പുറത്തുപോകേണ്ടി വന്നതോടെ ഓൺലൈനായി ചപ്പാത്തി ബുക്ക് ചെയ്യുകയായിരുന്നു. പ്രിയങ്ക എന്ന യുവതിയുടെ മിണ്ടാപ്രാണികളുടെ കരുതലിൽ അത്ഭുതപ്പെടുകയും നേരിട്ട് കാണുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇരുവരും പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഓൺലൈൻ ഓർഡറിൽ പശുക്കൾക്ക് നൽകാനുള്ളതാണെന്ന് ഓർഡർ കുറിപ്പിൽ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഡെലിവറി പങ്കാളി രാഹുൽ, ഹോട്ടലിൽ നിന്ന് ഓർഡർ എടുത്ത ശേഷം കിലോമീറ്ററുകളോളം സഞ്ചരിച്ച് പ്രിയങ്കയുടെ അടുത്തെത്തുകയായിരുന്നു.
എന്നാൽ ഭക്ഷണത്തിന്റെ പണം വാങ്ങാൻ രാഹുൽ തയ്യാറായില്ല. മിണ്ടാപ്രാണികളോടുള്ള യുവതിയുടെ കരുതലിൽ പങ്കുചേരാൻ താനും ആഗ്രഹിക്കുന്നുവെന്നും, ഇതിന്റെ പണം താൻ തന്നെ നൽകാമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. ഡെലിവറി ജീവനക്കാരന്റെ ഈ ഹൃദയസ്പർശിയായ പെരുമാറ്റം യുവതി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ ഇരുവരുടെയും ഈ നന്മ നിറഞ്ഞ പ്രവൃത്തിയെ പ്രശംസിച്ച് സൊമാറ്റോ അധികൃതരും ലക്ഷക്കണക്കിന് ആളുകളും രംഗത്തെത്തി.