23/07/2026
[fontresizer_tawhidurrahmandear_widget]

ക്രിയാറ്റിനിൻ നോർമലായാലും കിഡ്നി സുരക്ഷിതമാകണമെന്നില്ല; വൃക്ക രോഗം എങ്ങനെ നേരത്തെ തിരിച്ചറിയാം?

 ക്രിയാറ്റിനിൻ നോർമലായാലും കിഡ്നി സുരക്ഷിതമാകണമെന്നില്ല; വൃക്ക രോഗം എങ്ങനെ നേരത്തെ തിരിച്ചറിയാം?

സീറം ക്രിയാറ്റിനിൻ (Serum Creatinine) അളവ് സാധാരണ നിലയിലാണെങ്കിൽ പോലും വൃക്കകൾക്ക് തകരാറുണ്ടാകാം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സാധാരണയായി രക്തപരിശോധനയിൽ ക്രിയാറ്റിനിൻ്റെ അളവിൽ വ്യത്യാസം കാണുമ്പോഴേക്കും വൃക്കകളുടെ പ്രവർത്തനശേഷിയുടെ 40 മുതൽ 50 ശതമാനം വരെ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ബി.ഡി.ആർ ഫാർമസ്യൂട്ടിക്കൽസ് ടെക്നിക്കൽ ഡയറക്ടർ ഡോ. അരവിന്ദ് ബാഡിഗർ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.

വൃക്കകളിലെ ലക്ഷക്കണക്കിന് വരുന്ന നെഫ്രോണുകൾക്ക് (Nephrons) ഘടനാപരമായ മാറ്റങ്ങൾ സംഭവിക്കുമ്പോൾ മറ്റ് ആരോഗ്യകരമായ ഭാഗങ്ങൾ കൂടുതൽ പണിയെടുത്താണ് ശരീരത്തെ സന്തുലിതമാക്കുന്നത്. അതുകൊണ്ടാണ് തുടക്കത്തിൽ രക്തപരിശോധനയിൽ ക്രിയാറ്റിനിൻ അളവ് സാധാരണയായി കാണിക്കുന്നത്. എന്നാൽ നീണ്ടുനിൽക്കുന്ന പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവ വൃക്കകളിലെ സൂക്ഷ്മ രക്തധമനികളെ നിശബ്ദമായി തകരാറിലാക്കുന്നു.

അതുകൊണ്ട് തന്നെ ക്രിയാറ്റിനിൻ പരിശോധന മാത്രം ആശ്രയിക്കാതെ, ആൽബുമിൻ പരിശോധന (Urine Albumin Test), ഇ.ജി.എഫ്.ആർ (eGFR), സിസ്റ്റാറ്റിൻ സി (Cystatin C) തുടങ്ങിയ ആധുനിക പരിശോധനകൾ ക്രമമായി ചെയ്യുന്നത് വൃക്കരോഗങ്ങൾ നേരത്തെ തിരിച്ചറിയാൻ സഹായിക്കും. പ്രമേഹ രോഗികളും അമിതവണ്ണമുള്ളവരും കൃത്യമായ ഇടവേളകളിൽ വൃക്ക പരിശോധന നടത്തണമെന്നും, ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, വേദനസംഹാരികളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കുക എന്നിവ വഴി വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാമെന്നും ഡോക്ടർ നിർദ്ദേശിക്കുന്നു

Also read: