24/07/2026
[fontresizer_tawhidurrahmandear_widget]

കേന്ദ്ര സർക്കാരുമായുള്ള സിജെപി ചർച്ച പൂർത്തിയായി; രണ്ട് ആവശ്യങ്ങളിൽ അനുകൂല നിലപാട്, പ്രധാന്റെ രാജിയിൽ നാളെ തീരുമാനം

 കേന്ദ്ര സർക്കാരുമായുള്ള സിജെപി ചർച്ച പൂർത്തിയായി; രണ്ട് ആവശ്യങ്ങളിൽ അനുകൂല നിലപാട്, പ്രധാന്റെ രാജിയിൽ നാളെ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ നിർണ്ണായക ചർച്ച പൂർത്തിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന വിദ്യാർഥികളുടെ പ്രധാന ആവശ്യത്തിൽ നാളെ ഉച്ചയ്ക്ക് തീരുമാനം അറിയിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയതായി വിദ്യാർഥികൾ അറിയിച്ചു.

ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയോ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കുകയോ ചെയ്യണമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ഈ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സി.ജെ.പി. ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ഇന്ന് നടന്ന രണ്ടാംവട്ട ചർച്ചകൾക്ക് ശേഷമാണ് പ്രതിനിധികൾ മാധ്യമങ്ങളെ കണ്ടത്.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി, മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് വിദ്യാർത്ഥികൾ കേന്ദ്രത്തിന് മുമ്പിൽ വെച്ചത്. എന്നാൽ മന്ത്രിയുടെ രാജി കാര്യത്തിൽ തുടക്കത്തിൽ അനുകൂലമായ നിലപാടല്ല സർക്കാർ സ്വീകരിച്ചതെന്ന് പ്രതിനിധികൾ പറഞ്ഞു. എങ്കിലും, മറ്റു രണ്ട് കാര്യങ്ങളിലും സർക്കാരിൻ്റെ ഭാഗത്തുനിന്ന് അനുകൂലമായ സമീപനമാണ് ഉണ്ടായിരുന്നതെന്നും സി.ജെ.പി. വ്യക്തമാക്കി.

വിദ്യാർഥികളെ കേൾക്കാമെന്ന കേന്ദ്ര സർക്കാരിൻ്റെ ഉറപ്പിൻമേൽ, 26 ദിവസം നീണ്ടുനിന്ന ഉപവാസ സമരം സാമൂഹികപ്രവർത്തകൻ സോനം വാങ്‌ചുക് വ്യാഴാഴ്‌ച അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് 12.30-ഓടെ സി.ജെ.പി. പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയത്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സി.ജെ.പി. വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരാണ് വിദ്യാർത്ഥികൾക്കായി ചർച്ചയിൽ പങ്കെടുത്തത്.

Also read: