26/07/2026
[fontresizer_tawhidurrahmandear_widget]

സിജെപിക്ക് പിന്നാലെ ബിജെപിക്ക് അടുത്ത പണി; ഗഡ്‌കരിയെ ലക്ഷ്യമിട്ട് ‘E20 ജനതാ പാർട്ടി’, ഇന്ധന നയത്തിനെതിരെ പുതിയ ക്യാമ്പയിൻ

 സിജെപിക്ക് പിന്നാലെ ബിജെപിക്ക് അടുത്ത പണി; ഗഡ്‌കരിയെ ലക്ഷ്യമിട്ട് ‘E20 ജനതാ പാർട്ടി’, ഇന്ധന നയത്തിനെതിരെ പുതിയ ക്യാമ്പയിൻ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ സമര വിജയത്തിന് തൊട്ടുപിന്നാലെ, കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും സമ്മർദ്ദത്തിലാക്കി പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിൻ. 100% ശുദ്ധമായ പെട്രോൾ തെരഞ്ഞെടുക്കാനുള്ള അവകാശം ഇന്ധന ഉപഭോക്താക്കൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘E20 ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ മുന്നേറ്റം സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്.

‘E20 ജനതാ പാർട്ടി’ എന്ന പേരിൽ എക്സിലും ഇൻസ്റ്റഗ്രാമിലും അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ കലർത്തുന്ന നിലവിലെ കേന്ദ്ര നയത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. “ഞങ്ങളുടെ വാഹനങ്ങളുടെ ഫ്യുവൽ ടാങ്കിൽ എന്ത് ഒഴിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം ഉപഭോക്താവിനായിരിക്കണം” എന്നതാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ജനശ്രദ്ധ നേടാൻ ഈ ക്യാമ്പയിന് സാധിച്ചിട്ടുണ്ട്. “വെറും 4 മണിക്കൂറിനുള്ളിൽ 4,000 ഫോളോവേഴ്‌സ്, ഈ പോക്കാണെങ്കിൽ നിതിൻ ഗഡ്കരിക്ക് പോലും ശ്രദ്ധിക്കേണ്ടി വരും” എന്നാണ് E20 ജനതാ പാർട്ടിയുടെ എക്സിൽ വന്നൊരു പോസ്റ്റ്. ഇൻസ്റ്റഗ്രാമിലും ഇവരെ പിന്തുടരുന്നവരുടെ എണ്ണം വേഗത്തിൽ ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ ക്യാമ്പയിൻ കൂടുതൽ ശക്തമാകുമെന്നാണ് സോഷ്യൽ മീഡിയ ട്രെൻഡുകൾ വ്യക്തമാക്കുന്നത്.

അതേസമയം, 20 ശതമാനം എഥനോൾ ചേർത്ത E20 പെട്രോൾ വിതരണത്തിനെതിരെ രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. വാഹനങ്ങൾക്കുണ്ടാകുന്ന സാങ്കേതിക തകരാറുകൾ, മൈലേജ് കുറയൽ, കൂടിയ അറ്റകുറ്റപ്പണി ചെലവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് വാഹന ഉടമകളും ടാക്‌സി-ട്രാൻസ്പോർട്ട് സംഘടനകളും രംഗത്തുള്ളത്. ഡൽഹി ടാക്‌സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 4-ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എഥനോൾ ചേർത്ത E20 പെട്രോൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി പുരോഗമിച്ചതുമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രൂപീകരിച്ച സി.ജെ.പിയുടെ ജന്തർ മന്തറിലെ ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിവരെ കാര്യങ്ങൾ എത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ ലക്ഷ്യമിട്ടാണ് E20 ജനതാ പാർട്ടിയുടെ നീക്കങ്ങളെന്നാണ് റിപ്പോർട്ടുകൾ. എഥനോൾ വിവാദത്തിൽ ഉൾപ്പെട്ട കമ്പനിയായ ‘സിയാൻ അഗ്രോ’യുടെ നേതൃത്വ സ്ഥാനത്തുള്ളത് നിതിൻ ഗഡ്‌കരിയുടെ മകൻ നിഖിൽ ഗഡ്‌കരിയാണ്. മന്ത്രി പോളിസി ഉണ്ടാക്കുകയും മക്കൾ ലാഭമുണ്ടാക്കുകയും ചെയ്യുന്നു എന്ന ആരോപണവുമായി പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്.

പെട്രോളിൽ എഥനോൾ ചേർക്കാനുള്ള നയം തുടങ്ങുമ്പോൾ 40 രൂപയായിരുന്ന സിയാൻ അഗ്രോ കമ്പനിയുടെ ഓഹരിവില, ഒന്നര വർഷം കൊണ്ട് കുതിച്ച് 3600 രൂപയിലേക്ക് എത്തിയതും ഈ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുന്നു.

Also read: